ട്രാവന്‍കൂര്‍ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസ്; മുഖ്യപ്രതികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവില്‍

കേസില്‍ കൂടുതല്‍ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും

Update: 2021-07-02 04:08 GMT
Advertising

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് സ്പിരിറ്റ് കേസിലെ മുഖ്യപ്രതികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവില്‍. ജനറല്‍ മാനേജര്‍ അലക്സ് പി തോമസ്, പേഴ്സണല്‍ മാനേജര്‍ യു ഷാഹീം, പ്രൊഡക്ഷന്‍ മാനേജർ മേഘാ മുരളി തുടങ്ങിയവരാണ് ഒളിവില്‍ പോയത്.

അതേസമയം, കേസില്‍ പ്രതികള്‍ക്കെതിരെ അബ്കാരി ആക്ട്, ഗൂഢാലോചന, വഞ്ചനാ കുറ്റം എന്നിവകൂടി ചുമത്തി. ജീവനക്കാരായ കൂടുതല്‍ പേരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. 

നിലവില്‍ രണ്ടു ഡ്രൈവര്‍മരും ടി.എസ്.സി ജീവനക്കാരനുമടക്കം മൂന്നുപേരാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ റിമാന്‍റിലാണ്. കേസിലെ മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം പുരോഗമിക്കവെയാണ് മുഖ്യപ്രതികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയതായി പൊലീസിന് വിവരം ലഭിച്ചത്. 

മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും തിരുവല്ലയിലേക്ക് ലോഡുമായെത്തുന്ന ടാങ്കറുകളിൽ നിന്ന് സ്പിരിറ്റ് മോഷ്ടിച്ചാണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്. തിരുവല്ല വളഞ്ഞവട്ടത്ത് പ്രവർത്തിക്കുന്ന ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സിലേക്ക് മഹാരാഷ്ട്രയിൽ നിന്നും കൊണ്ടുവന്ന 115000 ലിറ്ററില്‍ 19000 ലിറ്ററും വെട്ടിച്ച് കടത്തിയതായാണ് പരിശോധനയില്‍ വ്യക്തമായത്. 

സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ മാസങ്ങളായി നടന്ന നിരീക്ഷണങ്ങള്‍ക്കൊടുവിലായിരുന്നു പരിശോധന. മൂന്നു ടാങ്കറുകളിലായി എത്തിച്ച സ്പിരിറ്റ് ഡ്രൈവര്‍മാരും ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സ് ജീവനക്കാരനും ചേര്‍ന്ന് സംസ്ഥാന അതിര്‍ത്തി കടക്കും മുമ്പ് മറിച്ചു വിറ്റതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 

എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തെക്കൂടി പങ്കെടുപ്പിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഡ്രൈവര്‍മാരെ ചോദ്യംചെയ്തതോടെ ഇവരില്‍ രഹസ്യമായി സൂക്ഷിച്ച 10 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News