കൂട്ടത്തല്ലിനൊടുവിൽ ഐഎൻഎൽ പിളർന്നു

പരസ്പരം പുറത്താക്കി പ്രസിഡന്‍റ് എപി അബ്ദുൽ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും. മന്ത്രി അഹ്മദ് ദേവര്‍കോവിലിനെതിരെ നടപടിയില്ല

Update: 2021-07-25 12:48 GMT
Editor : Shaheer | By : Web Desk
Advertising

പ്രസിഡന്റും ജനറൽ സെക്രട്ടറിയും തമ്മിൽ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതിനു പിറകെ ഐഎൻഎൽ പിളർന്നു. സമാന്തരമായി ചേർന്ന യോഗങ്ങളിൽ പരസ്പരം പാർട്ടിയിൽനിന്നു പുറത്താക്കിയാണ് നേതാക്കൾ രണ്ടായിപ്പിരിഞ്ഞത്.

ആദ്യം ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിറകെ വാർത്താസമ്മേളനം വിളിച്ച് വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു.

രാവിലെ ഒൻപതുമണിക്കു ചേർന്ന പ്രവർത്തകസമിതി യോഗം കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ചിരുന്നു. ഇതിനു പിറകെ ഉച്ചയ്ക്കുശേഷം രണ്ടുവിഭാഗവും സമാന്തരമായി പ്രവർത്തക സമിതി ചേരുകയായിരുന്നു. വൈകീട്ട് മൂന്നു മണിയോടെ വാർത്താസമ്മേളനം വിളിച്ചുചേർത്ത് കാസിം ഇരിക്കൂറിനെ പുറത്താക്കിയ വിവരം എപി അബ്ദുൽ വഹാബ് പ്രഖ്യാപിച്ചു. സെക്രട്ടറിയും ട്രഷററും അടക്കം അഞ്ചു ഭാരവാഹികൾക്കെതിരെയും നടപടിയെടുക്കാൻ യോഗത്തിൽ ധാരണയായതായി അദ്ദേഹം അറിയിച്ചു. എന്നാൽ, മന്ത്രി അഹ്‌മദ് ദേവർകോവിലിനെതിരെ തൽക്കാലം നടപടി സ്വീകരിച്ചിട്ടില്ല.

ഇതിനു പിറകെയാണ് കാസിം ഇരിക്കൂറും വാർത്താസമ്മേളം വിളിച്ചുചേർത്ത് വഹാബിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വത്തിന്റേതാണ് നടപടിയെന്നാണ് കാസിം ഇരിക്കൂർ അവകാശപ്പെട്ടത്. നിലവിലെ വർക്കിങ് പ്രസിഡന്റ് ബി ഹംസ ഹാജിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറി ഷർമദ്ഖാൻ അടക്കം ഏഴ് സെക്രട്ടേറിയേറ്റ് മെമ്പർമാരെയും പുറത്താക്കിയിട്ടുണ്ട്.

ഇന്നു രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗം സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നാലെ പുറത്തെത്തിയ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൂട്ടത്തല്ലായി. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരുന്നത്. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും എന്ന നിലയിലാണ് നിലവില്‍ ഐഎന്‍എല്ലിലെ രാഷ്ട്രീയചേരി.

രണ്ട് നേതാക്കള്‍ക്കെതിരായ നടപടിയെച്ചൊല്ലിയാണ് ഐഎന്‍എല്ലിന്റെ നേതൃയോഗത്തിനിടെ ഇന്ന് തര്‍ക്കമുണ്ടായതും പിന്നീട് കൈയാങ്കളിയില്‍ കലാശിച്ചതും. രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കിയതായി മിനുറ്റ്‌സില്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ചതാണ് സഘര്‍ഷത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സെക്രട്ടേറിയറ്റ് അംഗം അബ്ദുല്‍ അസീസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീര്‍ ബടേരി എന്നിവരെ പുറത്താക്കിയതായിതായി കാസിം ഇരിക്കൂര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഇത് മുന്‍കൂട്ടി തയാറാക്കികൊണ്ടുവന്ന മിനുറ്റ്‌സ് ആണെന്ന് പറഞ്ഞ് മറുചേരിയിലുള്ളവര്‍ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ഇരുപക്ഷങ്ങള്‍ തമ്മിലുള്ള വാഗ്വാദം കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.

1994ല്‍ മുസ്‍ലിം ലീഗില്‍നിന്ന് പിളര്‍ന്നാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിക്കുന്നത്. ബാബരി മസ്ജിദ് ധ്വംസനത്തിനു പിറകെ മുസ്‍ലിം ലീഗ് സ്വീകരിച്ച നയത്തില്‍ പ്രതിഷേധിച്ച് ദേശീയ അധ്യക്ഷനായ ഇബ്രാഹീം സുലൈമാന്‍ സേട്ട് പാര്‍ട്ടി വിടുകയും ഐഎന്‍എല്ലിനു രൂപംനല്‍കുകയുമായിരുന്നു. സുലൈമാന്‍ സേട്ടിന്‍റെ മരണശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗം മുസ്‍ലിം ലീഗിലേക്കു മടങ്ങിയിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News