'കേരള ഫുട്‌ബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്ച'; കത്ത് നൽകി സ്‌പോർട്‌സ് കൗൺസിൽ

വിശദീകരണം തൃപ്തികരമല്ലെങ്കിൽ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ

Update: 2023-12-19 07:17 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കേരള ഫുട്‌ബോൾ അസോസിയേഷൻ(കെ.എഫ്.എ) തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നിരീക്ഷകന്റെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നടന്നത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കെ.എഫ്.എയോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കെ.എഫ്.എയുടെ ഭേദഗതി ചെയ്ത ഭരണഘടന അംഗീകരിക്കില്ലെന്ന കത്തും സ്‌പോർട്‌സ് കൗൺസിൽ നൽകിയിട്ടുണ്ട്. കൗൺസിൽ റിപ്പോർട്ടിന്റെ പൂർണരൂപം മീഡിയവണിനു ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് കേരള ഫുട്‌ബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്നത്. ആ തെരഞ്ഞെടുപ്പിന്റെ സാധുതയാണ് ഇപ്പോൾ സ്‌പോർട്‌സ് കൗൺസിൽ ചോദ്യംചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്ന ജി. സുകുമാരക്കുറുപ്പ് നൽകിയ റിപ്പോർട്ടിലെ ഗുരുതരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ കെ.എഫ്.എയ്ക്ക് കത്തുനൽകിയിരിക്കുന്നത്. കഴിഞ്ഞ 13നാണ് കത്ത് നൽകിയിരുന്നത്. ഏഴു ദിവസത്തിനകം മറുപടി നൽകാനായിരുന്നു നിർദേശം. ഈ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

വോട്ടവകാശമില്ലാത്ത ആളുകളെ ഭാരവാഹികളായി തെരഞ്ഞെടുത്തുവെന്നതാണു പ്രധാന വീഴ്ചയായി കണ്ടെത്തിയത്. പൊതുയോഗം നടന്ന ഹാളിൽ വോട്ടവകാശമില്ലാത്ത ആളുകളും ഉണ്ടായിരുന്നു. അവർ പൊതുയോഗത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും പങ്കെടുത്തെന്നുമുള്ള ഗുരുതരമായ റിപ്പോർട്ടുമുണ്ട്. സെക്രട്ടറിയെ അന്നു തെരഞ്ഞെടുത്തില്ലെന്നതും നിരീക്ഷകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2000ത്തിലെ കേരള സ്‌പോർട്‌സ് കൗൺസിൽ ആക്ട് പ്രകാരം വോട്ടവകാശമുള്ള അംഗങ്ങൾ നേരിട്ട് വോട്ട് ചെയ്താണു സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടത്. എന്നാൽ, ഈ ചട്ടം മറികടന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത് എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Full View

കെ.എഫ്.എയോട് വിശദീകരണം തേടിയ സ്‌പോർട്‌സ് കൗൺസിൽ മറുപടി തൃപ്തികരമല്ലെങ്കിൽ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പിശകുകൾ തിരുത്തിനൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: The report of the State Sports Council observer said that there were serious failures in the Kerala Football Association (KFA) elections. An explanation was sought from the KFA based on the finding that the election was not conducted in accordance with the procedures

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News