ശ്രീനിവാസന്‍ കൊലപാതകം: എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

അഷ്കർ എന്ന യുവാവിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ മുളക് സ്പ്രേ പ്രയോഗിച്ചു എന്നാണ് ആരോപണം

Update: 2022-05-19 01:45 GMT
Editor : ijas
Advertising

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിന്‍റെ പേരിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് മർദ്ദിക്കുന്നതായി പരാതി. അഷ്കർ എന്ന യുവാവിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ മുളക് സ്പ്രേ പ്രയോഗിച്ചു എന്നാണ് ആരോപണം. എസ്.ഡി.പി.ഐ പ്രവർത്തകനായ ഫിറോസിന്‍റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞവരെ പിടികൂടാത്തത് ദുരൂഹമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.അബ്ദുൽ ഹമീദ് പറഞ്ഞു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് എസ്.ഡി.പി.ഐ നേതാക്കൾ വാർത്ത സമ്മേളനം നടത്തിയത്. പൊലീസ് മർദ്ദിച്ചു എന്ന പരാതി ഉന്നയിച്ച അഷ്ക്കറും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ശാരീരികവും, മാനസികവുമായി മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്തുവെന്ന് അഷ്കർ പറഞ്ഞു. പാലക്കാട് സൗത്ത് സ്റ്റേഷന്‍ കോംപൗണ്ടിലുള്ള ട്രാഫിക് സ്റ്റേഷനിലും എസ്പി ഓഫീസിനു സമീപമുള്ള കെട്ടിടത്തിലുമാണ് അഷ്‌കര്‍, ആദം, നാസര്‍ എന്നീ യുവാക്കളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. സി.ഐ ശശിധരന്‍, സിപിഒ സുനില്‍, നെന്മാറ സിഐ ദീപക് കുമാര്‍ എന്നിവരാണ് തെറിയഭിഷേകം നടത്തി അഷ്‌കറിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.

കുനിച്ച് നിര്‍ത്തി മുട്ട് കൈകൊണ്ട് മുതുകില്‍ ഇടിക്കുക, അടി വയറ്റില്‍ ചവിട്ടുക, മര്‍ദ്ദനമേറ്റ് മറിഞ്ഞു വീണ അഷ്‌കറിന്‍റെ തലയുടെ പിന്‍ഭാഗത്ത് അടിയ്ക്കുക, സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി സ്‌പ്രേ ചെയ്യുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് മൂന്ന് ഉദ്യോഗസ്ഥരും തുടര്‍ന്നത്. അന്യായമായി കസ്റ്റഡിയിലെടുത്ത തന്നെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് മര്‍ദ്ദിച്ചതെന്നും അഷ്‌കര്‍ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ നേതാക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പറയാൻ നിർബന്ധിച്ചാണ് മർദ്ദനം. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ റൗഫ്, എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം എസ്.പി അമീർ എന്നിവരുടെ പേര് പറയിപ്പിച്ചു എന്നാണ് ആരോപണം. 

വെള്ളിയാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്ത അഷ്‌കറിനെ കാണാന്‍ മാതാവും ഭാര്യയും കുട്ടികളും പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഗെയ്റ്റ് അടച്ചിട്ട് ഒരു രാത്രി മുഴുവനും അവരെ അഷ്‌കറിനെ കാണാന്‍ പോലും അനുവദിക്കാതെ പുറത്ത് നിര്‍ത്തിയ പൊലീസ് നടപടി മനുഷ്യത്വ വിരുദ്ധവും പരിഷ്‌കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നതുമാണെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസിനെതിരെ നിയമപരമായ പോരാട്ടം നടത്താനാണ് എസ്.ഡി.പി ഐ തീരുമാനം. എസ്.ഡി.പി.ഐ പ്രവർത്തകരായ 22 പേരെയാണ് പൊലീസ് ശ്രീനിവാസന്‍ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തത്.

Sreenivasan murder: SDPI activists beaten up by police

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News