ജനകീയ പ്രക്ഷോഭം ചെറുക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്‍റെ ശ്രമം ഫലം കണ്ടില്ല
നിർദിഷ്ട ഐക്യസർക്കാറിൽ ചേരാനുള്ള പ്രസിഡന്‍റ് ഗോതബയ രജപക്സയുടെ ക്ഷണം പ്രതിപക്ഷ പാർട്ടികൾ തള്ളി
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭം ചെറുക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്‍റെ ശ്രമം ഫലം കണ്ടില്ല. നിർദിഷ്ട ഐക്യസർക്കാറിൽ ചേരാനുള്ള പ്രസിഡന്‍റ് ഗോതബയ രജപക്സയുടെ ക്ഷണം പ്രതിപക്ഷ പാർട്ടികൾ തള്ളി. അതിനിടെ രജപക്സെ സഹോദരന്മാരുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ്.
പ്രസിഡന്‍റിന്‍റെ നിർദേശം വന്ന ഉടൻ, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫോഴ്സ് തള്ളുകയായിരുന്നു. കേവലം നേതൃത്വമാറ്റമല്ല വേണ്ടതെന്നും പുതിയ രാഷ്ട്രീയ മാതൃകയാണ് ആവശ്യമെന്നും പാർട്ടി നേതാവ് സജിത്ത് പ്രേമദാസ പറഞ്ഞു. തമിൾ പീപ്പിള്‍സ് അലയൻസും ശ്രീലങ്ക മുസ്‍ലിം കോൺഗ്രസും സർക്കാറിൽ ചേരില്ലെന്ന് വ്യക്തമാക്കി.കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ജനം സർക്കാറിനെതിരെ പ്രതിഷേധമുയർത്തിയതോടെ മന്ത്രിമാർ ഒന്നടങ്കം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ നാലു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ബേസിൽ രജപക്‌സെക്ക് പകരം അലി സാബ്രിയാണ് പുതിയ ധനമന്ത്രി. ജി.എൽ. പീരിസ് വിദേശകാര്യമന്ത്രിയായി തുടരും. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെയാണ് നീക്കം. അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ആയിരങ്ങൾ ഇപ്പോഴും തെരുവുകളിൽ പ്രക്ഷോഭത്തിലാണ്. പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി പ്രസിഡന്‍റ് ഗോതബെയെ രജപക്സെയും പ്രധാനമന്ത്രി മഹിന്ദ രജപക്സെയും രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.