ശ്രീനിവാസൻ വധം: എതിരാളികളുടെ പട്ടിക തയ്യാറാക്കിയുള്ള കേരളത്തിലെ ആദ്യ കൊലപാതകമെന്ന് പൊലീസ്
പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാവുമെന്നും തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ
പാലക്കാട്: എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ കൊലപാതകമാണ് പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസെന്ന് പൊലീസ്. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഉൾപ്പെടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
മുഹമ്മദ് ബിലാൽ, റിയാസുദീൻ എന്നിവർ ഗൂഢാലോചനയിലും ആയുധങ്ങൾ പ്രതികൾക്ക് നൽകുന്നതിലും സഹായിയായി പ്രവർത്തിച്ചു. ആയുധങ്ങൾ എത്തിച്ചു നൽകിയത് സഹദാണ്. മുഹമ്മദ് റിസ്വാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവ് നശിപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാവുമെന്നും തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.
പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആർ.എസ്.എസ് നേതാവായ ശ്രീനിവാസനെയും കൊലപ്പെടുത്തുന്നത്. പട്ടാപകലാണ് മൂന്ന് ബൈക്കുകളിലായെത്തിയ പ്രതികൾ കടയിലിട്ട് ശ്രീനിവാസനെ വെട്ടിക്കൊല്ലുന്നത്.ശ്രീനിവാസന്‍റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്ത് പേരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.