ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കമ്മീഷന് പരാതി
''ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന വ്യക്തി അധികാര ദുർവിനിയോഗവും സ്വാധീനവും ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. റെട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവിൽ സർവീസിലെ ഉന്നത ജോലികൾ ചെയ്യാൻ അയോഗ്യനാണ്.''
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി. അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ സർവീസിൽനിന്ന് നീക്കം ചെയ്യാൻ കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പരാതി നൽകിയിരിക്കുന്നത്.
പാതിരാത്രിയിൽ യുവതിയുമൊത്ത് മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് പത്രപ്രവർത്തകനായ ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ശ്രീറാം ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കേസിൽനിന്ന് രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയതായി പരാതിയിൽ ആരോപിച്ചു. ഭാവിയിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാംപിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽനിന്ന് ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും അവിടത്തെ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റെട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ അദ്ദേഹം യോഗ്യനല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സസ്‌പെൻഡ് ചെയ്യപ്പെടുമ്പോൾ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെയും(OM 20011/5/90-Est (D)-4.11.1992) ഉത്തരവിന്റെയും( നമ്പർ 20011/4/92- AlS-ll -28/3/2000) ന്റെയും പരസ്യമായ ലംഘനമാണ്. ക്രിമിനൽ നടപടി നേരിടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്നും മൂന്നു മാസത്തെ ഇടവേളയിൽ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കിൽ താൽക്കാലിക പ്രമോഷൻ നൽകാമെന്നും പറയുന്നുണ്ട്. എന്നാൽ, ശ്രീറാം വെങ്കിട്ടരാമൻ ഡി.പി.സിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങൾ ലംഘിച്ച് ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി-പരാതിയിൽ തുടരുന്നു.
താൽക്കാലിക പ്രമോഷൻ പോലും പൊതുജന താൽപര്യം, കുറ്റകൃത്യത്തിന്റെ ഗൗരവം, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചു വേണമെന്ന സർക്കാർ ഉത്തരവുകളും ഡി.പി.സി കാറ്റിൽപറത്തി. ഇത് നിയമവിരുദ്ധമാണ്. സർക്കാർ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന വ്യക്തി അധികാര ദുർവിനിയോഗവും സ്വാധീനവും ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. റെട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവിൽ സർവീസിലെ ഉന്നത ജോലികൾ ചെയ്യാൻ അയോഗ്യനാണ്. ശ്രീറാമിനെ സിവിൽ സർവീസിൽനിന്ന് നീക്കം ചെയ്യണമെന്നും സലീം മടവൂർ ആവശ്യപ്പെട്ടു.
Summary: A Complaint registered in central vigilance commission demanding dismissal of Sriram Venkitaraman from civil service