ആകെയുള്ള രണ്ട് പവന്റെ മാല ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി; യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് എം.കെ സ്റ്റാലിന്‍

മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ തന്റെ കുടുംബത്തിന്റെ ദുരിതം സൗമ്യ വിശദീകരിച്ചു.

Update: 2021-06-15 16:41 GMT
Advertising

തന്റെ ആകെയുള്ള സമ്പാദ്യമായ രണ്ട് പവന്റെ മാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് എം.കെ സ്റ്റാലിന്‍. സറ്റാലിന്‍ മേട്ടൂര്‍ ഡാം സന്ദര്‍ശിക്കാനെത്തിയ വേളയിലാണ് ആര്‍. സൗമ്യ എന്ന യുവതി സ്വര്‍ണമാല മുഖ്യമന്ത്രിക്ക് നല്‍കിയത്. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് ബിരുദധാരിയായ സൗമ്യ ഇതോടൊപ്പം ഒരു ജോലി അപേക്ഷയും സമര്‍പ്പിച്ചിരുന്നു.

മാതാവ്​ ന്യൂമോണിയ ബാധിച്ച്​ മരിച്ചതാണെന്നും ആവിൻ മിൽക്കിൽ നിന്നും വിരമിച്ച പിതാവിനൊപ്പം വാടകവീട്ടിലാണ്​ താമസിക്കുന്നതെന്നും കത്തിൽ സൗമ്യ എഴുതി. മാതാവിന്‍റെ ചികിത്സക്കായി അച്ഛൻ ജോലിയിൽ നിന്ന്​ വിരമിച്ചപ്പോൾ ലഭിച്ച സമ്പാദ്യത്തിൽ നിന്ന്​ കുടുംബം 13 ലക്ഷത്തിലേറെ രൂപ ചെലവാക്കിയതായും അവർ പറഞ്ഞു. രണ്ട്​ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുക കൂടി ചെയ്​തതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി.

പിതാവിന്‍റെ 7000 രൂപ പെൻഷനിലാണ്​ കുടുംബം കഴിഞ്ഞുപോകുന്നത്​. ഇതിൽ 3000 രൂപ വാടകയായി നൽകണം. ബാക്കിയുള്ള 4000 രൂപ വെച്ചാണ്​ തങ്ങൾ ഒരുമാസം ജീവിക്കുന്നതെന്നും സൗമ്യ മുഖ്യമന്ത്രിക്ക്​ എഴുതി. കൈവശം പണമില്ലാത്തതതിനാലാണ്​ ദുരിതാശ്വാസ നിധിയിലേക്ക്​ മാല ഊരി നൽകിയത്​.

തന്‍റെ അവസ്​ഥ പരിഗണിച്ച്​ ഒരു സ്വകാര്യ സ്​ഥാപനത്തിലെങ്കിലും ജോലി തരപ്പെടുത്തി നൽകണമെന്നാണ്​ സൗമ്യ അഭ്യർഥിച്ചത്​. കുടുംബത്തിന്‍റെ അവസ്​ഥ ബോധ്യമായതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകുമെന്ന്​ സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News