കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകിത്തുടങ്ങി; 20 കോടി കൂടി അനുവദിച്ച് ധനവകുപ്പ്
ഈ മാസമാദ്യം അനുവദിച്ച 30 കോടിക്കു പുറമെയാണിത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം നൽകിത്തുടങ്ങി. കെ.എസ്.ആർ.ടി.സിയെ സഹായിക്കാനായി 20 കോടി രൂപ കൂടി ധനവകുപ്പ് ഇന്ന് അനുവദിച്ചു. ഈ മാസമാദ്യം അനുവദിച്ച 30 കോടിക്കു പുറമെയാണിത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ കണ്ടക്ടർ വിഭാഗത്തിന് മാത്രം മെയ് മാസത്തെ ശമ്പളം ക്രഡിറ്റ് ചെയ്തു
നിലവിൽ 50 കോടി ഓവർ ഡ്രാഫ്‌റ്റെടുത്ത തുകയിൽ നിന്നാണ് ശമ്പള വിതരണം ആരംഭിച്ചത്. ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം ലഭിച്ചു തുടങ്ങി. അനുവദിച്ച 20 കോടി രൂപ അക്കൗണ്ടിലെത്തുന്ന മുറക്ക് നാളെ യോടെ എല്ലാ ജീവനക്കാർക്കും ശമ്പളം നൽകും.
തൊഴിലാളികളുടെ ഇരുപത് ദിവസത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. മാർച്ചിൽ നടന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം ഇത്തവണ പിടിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ കോർപ്പോറേഷനിൽ സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കുമെന്നും സമരം ചെയ്തതല്ല ശമ്പളം വൈകാൻ കാരണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
സർക്കാരിൻറെ ഒന്നാം വാർഷികമായിരുന്നിട്ടുകൂടി ശമ്പളം ലഭിക്കാത്തതിനെതിരെ സിഐടിയു ഇന്ന് ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു. മന്ത്രി ആൻറണി രാജുവിനെതിരെ സിഐടിയു പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ രൂക്ഷ വിമർശനമായിരുന്നു നടത്തിയത്.