കാനിൽ പുരസ്കാരവുമായി തിളങ്ങിയ മലയാളി താരങ്ങൾക്ക് സർക്കാരിന്റെ ആദരം

കുവൈത്ത് തീപിടിത്ത ദുരന്ത പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്.

Update: 2024-06-13 12:34 GMT
Advertising

തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരങ്ങളെ ആദരിച്ച് സംസ്ഥാന സർക്കാർ. ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെയാണ് സർക്കാർ ആദരിച്ചത്. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്.

കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കാനിൽ ഇന്ത്യൻ സിനിമയുടെ യശസുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു- മുഖ്യമന്ത്രി കുറിച്ചു.

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലായിരുന്നു കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത മലയാളി താരങ്ങളെ മുഖ്യമന്ത്രി ആദരിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊതുചടങ്ങുകള്‍ ഒഴിവാക്കി സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയായിരുന്നു.

30 വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായിരുന്നു പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. 1994ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ ‘സ്വം‘ എന്ന ചിത്രമാണ് അവസാനമായി പാം ഡിയോർ പുരസ്‌കാരത്തിനായി കാൻ ചലച്ചിത്ര മേളയിൽ മാറ്റുരച്ചത്. 

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News