മുസ്‌ലിം ന്യൂനപക്ഷത്തോട് സംസ്ഥാന സർക്കാർ വിദ്വേഷം കാണിക്കുന്നു: ഇ.ടി. മുഹമ്മദ് ബഷീർ എംപി

ദേവസ്വം ബോർഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിടാത്തത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ അതു വർഗീയതയായി കാണുന്നുവെന്നും ഇത് എന്തുതരം വർഗീയതയാണെന്നും ഇ.ടി

Update: 2022-03-17 12:38 GMT
Advertising

മുസ്‌ലിം ന്യൂനപക്ഷത്തോട് സംസ്ഥാന സർക്കാർ വിദ്വേഷം കാണിക്കുകയാണെന്നും വഖഫ് നിയമന വിവാദത്തിൽ മുഖ്യമന്ത്രി പൊട്ടൻ കളിക്കുകയാണെന്നും മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എംപി. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങൾ മറ്റുള്ളവർ ഉന്നയിച്ചാൽ വർഗീയതയാകില്ലെന്നും എന്നാൽ തങ്ങൾ പറഞ്ഞാൽ വർഗീയതയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിടാത്തത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ അതു വർഗീയതയായി കാണുന്നുവെന്നും ഇത് എന്തുതരം വർഗീയതയാണെന്നും ഇ.ടി ചോദിച്ചു.

വ്യക്തമായ നീതി നിഷേധത്തെ പറ്റി ചൂണ്ടിക്കാണിക്കാൻ പറ്റിയ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നിയമഭേദഗതിയിൽ സർക്കാർ തെറ്റുതിരുത്തണമന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രക്ഷോഭം നടത്തി മുട്ടുകുത്തിച്ചാലേ സർക്കാർ വഖഫ് നിയമന തീരുമാനത്തിൽ നിന്ന് പിൻമാറുകയുള്ളൂവെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ തന്നെ വിഭജനം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. യു.ഡി.എഫ് വോട്ട് ഭിന്നിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും വഖഫ് നിയമ ഭേദഗതി അനാവശ്യമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. നിയമ നിർമാണത്തിലൂടെ വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ ലീഗിന് അഭിപ്രായo പറയേണ്ടി വരുമെന്നും വഖഫ് ബോർഡിൽ കൈ വെക്കാൻ സർക്കാർ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന ബിജെപി പോലും ഇക്കാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിച്ച സമരങ്ങളിൽ നിന്ന് മുസ്‌ലിം ലീഗ് പിന്നോട്ടില്ലെന്നും സമരം പ്രഖ്യാപിച്ചപ്പോൾ സർക്കാർ മത സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത് ലീഗിന്റെ വിജയമാണെന്നും സംസ്ഥാന ജനറൽസെക്രട്ടറി പി.എംഎ സലാം പറഞ്ഞു. പണ്ഡിതൻമാർക്ക് കൊടുത്ത ഉറപ്പ് മുഖ്യമന്ത്രി അഞ്ചു മാസമായിട്ടും പാലിച്ചിട്ടില്ലെന്നും ഒരു ചർച്ചയ്ക്ക് ഇത്രയും നീട്ടി സമയം കൊടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

State govt hates Muslim minority: ET Muhammad Basheer MP

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News