നിലമ്പൂർ രാധ വധം: പ്രതികളെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

കേസ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Update: 2022-10-04 07:44 GMT
Advertising

ന്യൂഡൽഹി: നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന രാധ (49) കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാനം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിലെ പ്രതികളായിരുന്ന ഒന്നാം പ്രതി പി.കെ ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് അപ്പീൽ. ഹൈക്കോടതി പലപ്പോഴും സാഹചര്യ തെളിവുകളിലേക്ക് പോയിട്ടില്ലെന്നും വിശദമായ പരിശോധന നടത്തിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

അതിനാല്‍ കേസ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. പൂജ അവധിയായതിനാല്‍ ഹരജി ഒക്ടോബര്‍ 10നു ശേഷം കോടതി പരിഗണിക്കും.

വിചാരണക്കോടതി ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്ത പ്രതികളെ 2021 മാർച്ച് 31നാണ് ഹൈക്കോടതി വെറുതെവിട്ടത്. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചായിരുന്നു ഹൈക്കോടതി നടപടി.

പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചിരുന്നു. 2014ൽ ആണ് നിലമ്പൂർ കോൺഗ്രസ് ഓഫിസ് ജീവനക്കാരി ചിറയ്ക്കൽ വീട്ടിൽ രാധ കൊല്ലപ്പെട്ടത്.

2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

രാവിലെ ഒമ്പതോടെ അടിച്ചുവാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ദീന്റെ ഓട്ടോയിൽ കൊണ്ടുപോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികൾ നൽകിയ മൊഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.

രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽ നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും മൊബൈൽ ഫോൺ സിം ഊരിയ ശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ടുപോയതിനു ശേഷമാണു കളഞ്ഞത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News