വിവാദ ഫേസ്ബുക്ക് പോസ്റ്റ്: മറുപടി നല്‍കാതെ ജി ശക്തിധരന്‍

ടൈംസ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന്‍ ആരോപണമുന്നയിച്ചത്.

Update: 2023-07-05 09:20 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ച് വ്യക്തമായ മൊഴി നല്‍കാതെ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. പോലീസിനോട് ഒന്നും പറയാനില്ലെന്നും പറയേണ്ടത് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് ശക്തിധരന്‍ പറഞ്ഞു. കൈതോലപ്പായയില്‍ സി.പി.എം നേതാവ് പണം കടത്തിയെന്ന ശക്തിധരന്റെ ആരോപണത്തിലാണ് അന്വേഷണം.

തിരുവനന്തപുരം കന്റോണ്‍മെന്റ് എ.സി.പിക്കാണ് അന്വേഷണ ചുമതല. ബെന്നി ബെഹനാന്‍ എം.പി നല്‍കിയ പരാതിയിലാണ് അന്വേഷണം. ടൈംസ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന്‍ ആരോപണമുന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സി.പി.എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലായിരുന്നു ശക്തിധരന്റെ കുറിപ്പ്.

'ഒരിക്കല്‍ ഞാന്‍ സ്‌നേഹിച്ചിരുന്ന ഒരാള്‍ എനിക്ക് ഇരുട്ട് നിറഞ്ഞ ഒരു പെട്ടി തന്നു. ഒരിക്കല്‍ വന്‍കിടക്കാര്‍ സമ്മാനിച്ച വലിയ തുകയുടെ കറന്‍സി എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. കൊച്ചിയിലെ കലൂരിലുള്ള എന്റെ പഴയ ഓഫീസില്‍ തുടര്‍ച്ചയായി രണ്ട് ദിവസം അത് സംഭവിച്ചു. എന്റെ അറിവില്‍ അദ്ദേഹം ആദ്യമായാണ് ഈ ഓഫീസില്‍ താമസിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായപ്പോള്‍ വടക്കു നിന്നുള്ള ഒരു മുന്‍ എം.എല്‍.എയും ചികിത്സയ്ക്കായി മാസങ്ങളോളം അതേ മുറിയില്‍ താമസിച്ചിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ എണ്ണിയ തുക ഓര്‍ക്കുന്നു രണ്ട് കോടി മുപ്പത്തി അയ്യായിരം. ഇതിനിടയില്‍ കറന്‍സി പൊതിയാന്‍ രണ്ട് കൈതോലപ്പായ ഞാന്‍ സഹപ്രവര്‍ത്തകനൊപ്പം പോയി വാങ്ങി. രാത്രി വൈകി ഇന്നോവ കാറിന്റെ ഡിക്കിയിലാണ് തുക തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു മന്ത്രിയും കാറിലുണ്ടായിരുന്നു.'

'ഒരിക്കല്‍ ഒരു കോടീശ്വരന്‍ രാത്രി വൈകി കോവളത്തെ ഹോട്ടലില്‍ വച്ച് ഈ മാന്യനു രണ്ടു പാക്കറ്റ് കറന്‍സി സമ്മാനിച്ചു. അയാള്‍ പാക്കറ്റുകള്‍ പാര്‍ട്ടി സെന്ററിലേക്ക് കൊണ്ടുപോയി. ഒരു പാക്കറ്റ് ഓഫീസിലെ മുതിര്‍ന്ന സ്റ്റാഫ് അംഗത്തിന് കൈമാറി. ഒരു പാക്കറ്റ് അദ്ദേഹം ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി. രണ്ട് പാക്കറ്റുകളും ഹോട്ടലിന്റെ പേരെഴുതിയ കവറിലായിരുന്നു. രണ്ടും ഒരേ വലിപ്പത്തിലായിരുന്നു. അതിനാല്‍ രണ്ടിലും ഒരേ തുക ഉണ്ടായിരുന്നിരിക്കണം. ഓഫീസില്‍ കവര്‍ ലഭിച്ചയാള്‍ അത് തുറന്ന് മറ്റൊരു ജീവനക്കാരന്റെ സാന്നിധ്യത്തില്‍ എണ്ണി. അത് 10 ലക്ഷം രൂപയുണ്ടായിരുന്നു. ഇങ്ങനെ നിരവധി സംഭവങ്ങള്‍ എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.'

'സോഷ്യല്‍ മീഡിയയില്‍ എന്നെയും എന്റെ കുടുംബത്തെയും ചില ഗുണ്ടകള്‍ ആക്രമിക്കുകയാണ്. അവര്‍ക്ക് അതിന് പ്രതിഫലം കിട്ടുന്നുണ്ടോ? ഈ ഗുണ്ടകള്‍ അവരുടെ ആക്രമണം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ എന്റെ കുറിപ്പുകള്‍ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഉറപ്പുണ്ട് അവര്‍ മുകളില്‍ നിന്ന് നയിക്കപ്പെടുന്നു. പ്രതികരണത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്'.- ശക്തിധരന്റെ കുറിപ്പ്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News