തീരുമാനമെടുത്തിട്ട് 10 ദിവസം; ബഫർസോണിലെ സംസ്ഥാനത്തിന്‍റെ പുതിയ ഉത്തരവ് ഇനിയും പുറത്തിറങ്ങിയില്ല
നിയമവശങ്ങൾ പരിശോധിക്കുകയാണെന്ന് വനം വകുപ്പ്
തിരുവനന്തപുരം: ബഫർ സോണിലെ സംസ്ഥാനത്തിന്റെ പുതിയ ഉത്തരവ് വൈകുന്നു. 2019 ലെ സർക്കാർ തീരുമാനം തിരുത്താൻ പത്ത് ദിവസം മുമ്പ് ചേർന്ന മന്ത്രിസഭയോഗം തീരുമാനമെടുത്തെങ്കിലും ഉത്തരവ് ഇതുവരെ തയ്യാറായിട്ടില്ല. സുപ്രിം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതിനാൽ ഉത്തരവിൽ യാതൊരു പാളിച്ചയും വരാതിരിക്കാൻ ശ്രദ്ധിക്കുന്നത് കൊണ്ടാണ് വൈകുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെടും എന്നായിരുന്നു 2019 ലെ സംസ്ഥാനസർക്കാർ ഉത്തരവ്. സുപ്രിം കോടതിയും സമാനമായ ഉത്തരവിറക്കിയതോടെ സർക്കാർ പ്രതിസന്ധിയിലായി. ഇതോടെ 2019 ലെ മന്ത്രിസഭ തീരുമാനം റദ്ദാക്കണമെന്നാവശ്യം പ്രതിപക്ഷത്തിന്റെയും ജനങ്ങളുടേയും ഭാഗത്ത് നിന്ന് ഉയർന്ന് വന്നു. ഉത്തരവ് തിരുത്താതെ സുപ്രിം കോടതയിൽ പോയാൽ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാരും വിലയിരുത്തി. ഇതോടെയാണ് ഉത്തരവ് തിരുത്താൻ കഴിഞ്ഞ മാസം 27 ന് ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
എന്നാൽ തീരുമാനമെടുത്ത് പത്ത് ദിവസമായിട്ടും ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 2019 സംസ്ഥാനമന്ത്രിസഭ തീരുമാനം പോലെ തന്നെയായിരിന്നു സുപ്രിംകോടതി ഉത്തരവ്. അത് കൊണ്ട് പുതിയ ഉത്തരവ് ഇറക്കുമ്പോൾ കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യങ്ങൾ ഉയരാത്ത തരത്തിൽ വ്യക്തതയുള്ള ഉത്തരവ് വേണമെന്ന നിലപാടാണ് വനം വകുപ്പിനുള്ളത്.
അത് കൊണ്ട് നിയമവകുപ്പ് ഉത്തരവ് സംബന്ധിച്ച് വിശദപരിശോധന നടത്തുന്നുവെന്നാണ് വനം വകുപ്പ് വിശദീകരിക്കുന്നത്. നിയമവകുപ്പ് പരിശോധന നടത്തിയ ശേഷം എജിയുടെ നിയമോപദേശവും തേടും. അതിന് ശേഷം മാത്രമേ ഉത്തരവ് പുറത്തിറങ്ങുകയുള്ളു. ചുരുക്കത്തിൽ ഉത്തരവ് ഇറങ്ങാൻ ഇനിയും കാലതാമസമുണ്ടാകാനാണ് സാധ്യത.
സർക്കാർ ഉത്തരവ് വൈകുന്നത് കൊണ്ട് സുപ്രിംകോടതിയെ സമീപിക്കുന്നതും നീണ്ട് പോകുകയാണ്. പഴയ ഉത്തരവ് മാറ്റുമെങ്കിലും അത് ഇറക്കിയ സാഹചര്യം കോടതി ചോദിക്കുമോ എന്ന ആശങ്ക ഇപ്പോഴും വനം വകുപ്പിനുണ്ട്. എന്തായാലും ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങൾ,കൃഷിയിടങ്ങൾ എന്നിവയെ ഒഴിവാക്കിയുള്ള ഉത്തരവായിരിക്കും പുറത്തിറങ്ങുക.