'നാളെ പുറത്തിറങ്ങരുത്, വീടുകളിൽ തന്നെ കഴിയണം': കൊച്ചി നിവാസികൾക്ക് കലക്‌ടറുടെ നിർദേശം

അത്യാവശ്യമുള്ളപ്പോൾ മാത്രമേ പരിസരവാസികൾ പുറത്തിറങ്ങാവൂ എന്നും കലക്‌ടർ

Update: 2023-03-04 14:15 GMT
Editor : banuisahak | By : Web Desk

Renu Raj 

Advertising

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്‌ടർ രേണു രാജ്. 20 ഫയർ ഫോഴ്‌സ്‌ യൂണിറ്റുകൾ അധികമായി എത്തിക്കുമെന്ന് കലക്‌ടർ അറിയിച്ചു. കൊച്ചി നിവാസികൾ നാളെ വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശം. 

തീ ആളിക്കത്തുന്നത് തടയാനായെങ്കിലും മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഇപ്പോഴും പുക ഉയരുകയാണ്. നേവിയുടെയും കൊച്ചി റിഫൈനറിയുടെയും സംഘങ്ങൾ കൂടി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആറ് സെക്ടറുകളായി തിരിച്ചാണ് തീയണയ്ക്കുന്ന പ്രവൃത്തി തുടരുന്നത്.

ഇത് ആദ്യമായാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാക്കാൻ നേവിയുടെ സഹായം തേടുന്നത്. ഫയർഫോഴ്സിന്റെ പത്തിലധികം യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. നേവിയുടെ രണ്ടു ഹെലികോപ്റ്ററുകളിലായി വെള്ളമൊഴിച്ച് തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വലിയ പുക ഉയർന്നതോടെ താഴെ നിന്നുള്ള തീയണയ്ക്കൽ ശ്രമത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ ഹെലികോപ്ടർ സംവിധാനം ഒഴിവാക്കി. കൊച്ചി മേയർ എം അനിൽ കുമാർ ബ്രഹ്മപുരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഏഴുപത് ഏക്കറോളം സ്ഥലം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അത്യാവശ്യമുള്ളപ്പോൾ മാത്രമേ പരിസരവാസികൾ പുറത്തിറങ്ങാവൂ എന്ന് കലക്ടർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പുക കാരണം നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ,നിലവിലെ സാഹചര്യത്തിൽ ബ്രഹ്മപുരത്ത് ഓക്സിജൻ കിയോസ്ക് ആരംഭിക്കാൻ ഡിഎംഒക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു. 

തീപിടുത്തത്തിലുണ്ടായ പുക മൂന്നാം ദിവസവും കൊച്ചി നഗരത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പുലര്‍ച്ചെയുണ്ടായ പുകമഞ്ഞില്‍ ജനം ശരിക്കും വലഞ്ഞു. പലര്‍ക്കും ദേഹാസ്വാസ്ഥ്യവും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തൃപ്പൂണിത്തുറ, മരട്, കുണ്ടന്നൂര്‍, വൈറ്റില, പനങ്ങാട്,തേവര അങ്ങനെ കൊച്ചിയുടെ കിലോ മീറ്ററുകളോളം ദൂരം പുകമഞ്ഞ് കൊണ്ട് മൂടിയിരുന്നു. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും കലക്‌ടർ നിർദേശിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News