ആഡംബര ഹോട്ടലുകളിൽ താമസിച്ച് ഭക്ഷണവും മദ്യവും കഴിച്ച് മുങ്ങുക പതിവ്; അവസാനം പൊലീസ് വലയിൽ
ഇയാൾക്കെതിരെ രാജ്യത്താകമാനം ഇരുനൂറോളം കേസുകളുണ്ടെന്നും പൊലീസ് പറയുന്നു
തിരുവനന്തപുരം: ആഡംബര ഹോട്ടലുകളിൽ താമസിച്ച് ഭക്ഷണവും മദ്യവും കഴിച്ച് മുങ്ങുന്നയാളെ പിടികൂടി പൊലീസ്. തൂത്തുകുടി സ്വദേശി ബിൻസൺ ജോണിനെ യാണ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
ആഡംബര ഹോട്ടലുകളിൽ അഡ്വാൻസ് കൊടുക്കാതെ മുറിയെടുത്ത് ഭക്ഷണവും മദ്യവും കഴിച്ച് മുങ്ങുന്നതാണ് ബിൻസന്റെ പതിവ്. കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും മുംബൈ, ഹൈദരബാദ് എന്നിവിടങ്ങളിലും ബിൻസൺ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടാതെ താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് വിലകൂടിയ വസ്തുക്കൾ മോഷ്ടിക്കുന്നതും ഇയാളുടെ പതിവാണ്.
തിരുവന്തപുരം സൗത്ത് പാർക്കിൽ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന ബിൻസനെ കൊല്ലത്ത് വെച്ചാണ് പൊലീസ് വലയിലാക്കുന്നത്. ബിൻസനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ബിൻസണെ അറസ്റ്റ് ചെയ്തതിന് ശേഷം മറ്റു പൊലീസ് സ്റ്റേഷനുകളിൽ നിന്നും ബിൻസനെതിരെയുള്ള പരാതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്‌റ്റേഷനിലേക്ക് കോളുകൾ വരുന്നുണ്ടെന്ന് കന്റോൺമെന്റ് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ രാജ്യത്താകമാനം ഇരുനൂറോളം കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.