ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി; പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് തിരിച്ചടി, സ്റ്റേ നീക്കി

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി കോടതിയിൽ ഹാജരായത്

Update: 2023-02-09 11:46 GMT

ഉണ്ണി മുകുന്ദൻ

Advertising

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിൽ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. കേസ് ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു നൽകിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. വിഷയം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസിലെ സ്‌റ്റേ നീക്കി. ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി കോടതിയിൽ ഹാജരായത്. കേസിലെ പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച്‌ സൈബി ജോസ് നൽകിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സ്‌റ്റേ റദ്ദാക്കിയത്. ഒത്തുതീർപ്പ് കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്. ഇതോടെ വ്യാജരേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്ന് നിരീക്ഷിച്ച കോടതി ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് വ്യക്തമാക്കി. കേസിൽ ഈ മാസം 17നകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നടന് നിർദേശം നൽകുകയും ചെയ്തു.

2017 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിനിമയുടെ തിരക്കഥ പറയാനായി എത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറിയെന്നായിരുന്നു കേസ്. 384, 384 ബി, സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പുകളാണ് കേസിൽ ചുമത്തിയിരുന്നുത്. തുടർന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതിക്കാരി രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ കോടതിയിൽ നിന്ന് നടൻ ഉണ്ണി മുകുന്ദൻ ജാമ്യം നേടുകയായിരുന്നു. അതിന് ശേഷമാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കേസിന്റെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ ഉണ്ണിമുകുന്ദൻ ഹൈക്കോടതിയിലെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി നേരിടേണ്ടി വന്ന നീക്കങ്ങൾ നടന്നത്.

ജസ്റ്റിസ് ഗോപിനാഥന്റെ ബെഞ്ചിന് മുമ്പിൽ കേസിലെ ഒത്തുതീർപ്പ് കരാർ പ്രതിയുടെ അഭിഭാഷകൻ സമർപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് കേസിലെ അന്വേഷണം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. എന്നാൽ താൻ കരാറിലും ഒപ്പിട്ടിട്ടില്ലെന്ന് വിദേശമലയാളിയായ പരാതിക്കാരി അറിയിച്ചതോടെ കോടതി സ്‌റ്റേ നീക്കിയിരിക്കുകയാണ്. നേരത്തെ ഉണ്ണി മുകുന്ദൻ അഭിഭാഷകൻ പരാതിക്കാരിയുടെ കള്ള ഒപ്പോടെയുള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹരജിയിൽ ഇന്ന് വാദം കേട്ടത്.

Full View

Stay lifted in Unni Mukundan accused molestation caseStay lifted in Unni Mukundan accused molestation case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News