'അമ്മയുടെ ചികിത്സക്കായാണ് ഹോട്ടലില്‍ താമസിച്ചത്, മാസവാടക 20,000 മാത്രം'; വിശദീകരണവുമായി ചിന്താ ജെറോം
''കോവിഡ് സമയത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് ഉണ്ടായി. ആ സമയം വീട്ടിൽ ശുചിമുറിയുള്ള റൂം ഇല്ലായിരുന്നു. അത് നിർമിക്കാനാണ് വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടിവന്നത്''
കൊല്ലം: ആഡംബര ഹോട്ടലിൽ ഒന്നേമുക്കാൽ വർഷം താമസിച്ചുവെന്ന യൂത്ത് കോൺഗ്രസിന്റെ ആരോപണത്തിൽ മറുപടിയുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. കോവിഡ് സമയത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് ഉണ്ടായെന്നും ആ സമയം വീട്ടിൽ ശുചിമുറിയുള്ള റൂം ഇല്ലായിരുന്നുവെന്നും അത് നിർമിക്കാനായാണ് വീട്ടിൽ നിന്നും മാറി താമസിക്കേണ്ടിവന്നതെന്നും ചിന്താ പറഞ്ഞു.
തിരുവനന്തപുരത്തായിരുന്നു ചികിത്സ. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ആയുർവേദ ചികിത്സ ആവശ്യമായിരുന്നു. വാടകയായി പറഞ്ഞത് ഇരുപതിനായിരം രൂപയാണ്. അമ്മയ്ക്കും അച്ഛനും പെൻഷനുണ്ട്. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയത്. ഹോട്ടൽ ഉടമയാണ് ഇരുപതിനായിരം രൂപ വാടകയായി നിശ്ചയിച്ചതെന്നും ചിന്താ ജെറോം വിശദീകരിച്ചു.
ചിന്താ ജെറോമിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യൂത്ത് കോണ്‍ഗ്രസ് വിജിലൻസിനും ഇ.ഡിക്കും പരാതി നല്‍കിയിരുന്നു. 38 ലക്ഷം രൂപ ചെലവിൽ കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിലാണ് ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചതെന്ന് പരാതിയിൽ പറയുന്നു.
8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്മെന്റാണിത്. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ചിന്ത വാടകയായി നൽകേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പരാതി നൽകിയത്.