വന്ധ്യംകരണം കേന്ദ്രത്തിന് ശാപമോക്ഷം: കോട്ടയം നഗരത്തിലെ കേന്ദ്രം ഉടൻ തുറക്കും
നഗരസഭയ്ക്ക് കീഴിലെ കേന്ദ്രം കാട് കയറി നശിക്കുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു .
കോട്ടയം: ജില്ലയിലെ പൂട്ടികിടക്കുന്ന നായ വന്ധ്യംകരണ കേന്ദ്രം നവീകരിച്ച് പ്രവർത്തന സജ്ജമാക്കാൻ തീരുമാനം. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു കോടി രൂപ വിനിയോഗിക്കാനും തീരുമാനമായി. നഗരസഭയ്ക്ക് കീഴിലെ കേന്ദ്രം കാട് കയറി നശിക്കുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു .
തെരുവ് നായയുടെ ആക്രമണം ഏറ്റവും കൂടുതലുള്ള ജില്ലയാണ് കോട്ടയം . ഒരു മാസത്തിനിടെ നൂറോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. സ്ഥിതി രൂക്ഷമായിട്ടും നാല് വർഷമായി പൂട്ടികിടക്കുന്ന വന്ധ്യംകരണ കേന്ദ്രം തുറക്കാൻ നഗരസഭ തയ്യാറായില്ല. മാലിന്യം തള്ളുന്നയിടമായി മാറിയതോടെ തെരുവ് നായകളുടെ ശല്യം രൂക്ഷമായി. ഇതോടെയാണ് മീഡിയവൺ ഈ വാർത്ത പുറത്ത് കൊണ്ടുവന്നത്.
പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എബിസി പദ്ധതി ശക്തമായി നടപ്പാക്കാനാണ് തീരുമാനം. നാല് കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതിക്കായി സൗകര്യങ്ങൾ ഒരുക്കും. കോട്ടയത്തെ കേന്ദ്രം കൂടാതെ ഉഴവൂരിലെയും പാലായിലെയും കേന്ദ്രങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തന സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്.