ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ്; എബിൻ വർഗീസിന്‍റെ 30 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
73 കോടി രൂപയാണ് ഇയാള്‍ ഇത്തരത്തിൽ തട്ടിയെടുത്തത്
കൊച്ചി: ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി എബിൻ വർഗീസിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. 30 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
ട്രേഡിങ്ങിൽ പങ്കാളിയാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കിതരാമെന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു.
73 കോടി രൂപയാണ് ഇയാള്‍ ഇത്തരത്തിൽ തട്ടിയെടുത്തത്. ഇതിൽ ചെറിയൊരു തുക മാത്രമാണ് ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. ബാക്കി തുകക്ക് ഭാര്യയുടെയും ഇയാളുടെയും പേരിൽ സ്വത്തുക്കള്‍ വാങ്ങുകയായിരുന്നു. ഗോവയിലെ കാസിനോ കമ്പനികളിലും ഇയാള്‍ പണം നിക്ഷേപിച്ചിരുന്നു.
നേരത്തെ ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് കള്ളപ്പണത്തെക്കുറിച്ചുള്ള പരിശോധനയിലേക്ക് കടന്നത്.