വയനാട് കുണ്ടാല വയലിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ | മീഡിയവണ്‍ ഇംപാക്ട്
കുന്നിടിച്ചും വയൽ നികത്തിയും റിസോർട്ട് പണിയുന്നത് മീഡിയവണാണ് പുറത്തെത്തിച്ചത്
വയനാട്: പനമരം കുണ്ടാല വയലിലെ നിർമാണ പ്രവർത്തികൾക്ക് സ്റ്റോപ്പ് മെമ്മോ. പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ വയലുടമകൾക്ക് കൈമാറി. നാലുദിവസം മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകാൻ നിർദേശം നൽകിയിരുന്നെങ്കിലും സെക്രട്ടറി നിർദേശം പാലിക്കാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി എം ആസിയ മീഡിയവണിനോട് പറഞ്ഞു. കുന്നിടിച്ചും വയൽ നികത്തിയും റിസോർട്ട് പണിയുന്നത് മീഡിയവണാണ് പുറത്തെത്തിച്ചത്.
പനമരം പഞ്ചായത്ത് ഒന്നാം വാർഡിലെ കുണ്ടാല വയലിലാണ് അനധികൃത നിർമാണ പ്രവർത്തനങ്ങൾ.18 ഏക്കർ ഭൂമയിലാണ് റിസോർട്ട് നിർമാണം നടക്കുന്നത്. ഒരു കിലോമീറ്ററോളം റോഡാണ് പണിതിരിക്കുന്നത്. വയൽ നികത്തി മണ്ണിട്ട് വയലിലൂടെ തന്നെ മൂന്നടി വീതിയിൽ ഒരു കിലോമീറ്ററോം ദൂരത്തിൽ കരിങ്കൽ ഭിത്തിയും പണിതിട്ടുണ്ട്. റിസോർട്ടിനായി കുന്നിടിച്ചും നിർമാണം നടക്കുന്നുണ്ട്. പാലക്കാട് പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, നർഗീസ് ബാനു എന്നിവരുടെ പേരിലുള്ള ഭൂമിയിലാണ് മാസങ്ങളായി ഈ നിർമ്മാണ പ്രവർത്തനങ്ങളായിരുന്നു നടന്നത്.
വിലേജ് ഓഫീസറും കൃഷി ഓഫീസറും കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചിരുന്നു. നിയമവിരുദ്ധ പ്രവൃത്തികൾ സംബന്ധിച്ച് ഇവർ ഉടൻ തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, മൂന്ന് മാസമായി തുടരുന്ന നിർമാണ പ്രവൃത്തികൾ ഇപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന പഞ്ചായത്ത് അധികൃതരുടെ വാദം വിശ്വാസയോഗ്യമല്ലെന്ന നിലപാടിലാണ് നാട്ടുകാർ.