പൊതു ഇടങ്ങളിൽ വിചിത്ര എഴുത്തുകൾ; പരിഭ്രാന്തിയിലായി മരട് നിവാസികള്‍
സുപ്രധാന ബോര്‍ഡുകള്‍ക്ക് മുകളില്‍ പോലും ഒരേ രൂപത്തിലുളള എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു
എറണാകുളം: പൊതു ഇടങ്ങളിൽ വിചിത്ര എഴുത്തുകൾ വ്യാപകമായതോടെ പരിഭ്രാന്തിയിലായിരിക്കുകയാണ് എറണാകുളം മരട് നിവാസികള്‍. പൊതു ഇടങ്ങളില്‍ സുപ്രധാന ബോര്‍ഡുകള്‍ക്ക് മുകളില്‍ പോലും ഒരേ രൂപത്തിലുളള എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മരട് നഗരസഭ അധികൃതര്‍.
റോഡരികിലെ ദിശാ സൂചക ബോര്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍, ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എന്നിവക്ക് മുകളില്‍ മാത്രമല്ല, പാലത്തിനടിയിലെ തൂണുകളിലും ടെലിഫോൺ, കേബിൾ, കെ.എസ്.ഇ.ബി ബോക്‌സുകള്‍ക്ക് മുകളില്‍ വരെയുണ്ട് ഇത്തരം എഴുത്തുകള്‍. ഒറ്റ നോട്ടത്തില്‍ ഗ്രാഫിറ്റി വരയാണെന്ന് തോന്നുമെങ്കിലും സംഗതി അത്ര പന്തിയല്ലെന്ന് മനസിലായതോടെ പൊലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് മരട് നഗരസഭ അധികൃതര്‍.
രാത്രികാലങ്ങളിലാണ് ആരോ ഇത്തരം പണികള്‍ ഒപ്പിക്കുന്നതെന്നാണ് പൊലീസിന്റെ സംശയം. മരട് നഗരസഭ പരിധിക്കിപ്പുറം തൃപ്പൂണിത്തുറയിലെ ചില സ്ഥലങ്ങളിലും കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളിലും ഇത്തരം വിചിത്ര വര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.