ആറ്റിങ്ങലിൽ തെരുവുനായയുടെ ആക്രമണം: എട്ട് പേർക്ക് കടിയേറ്റു
ഒരു നായ തന്നെയാണ് എല്ലാവരെയും അക്രമിച്ചതെന്നാണ് നാട്ടുകാരുടെ സംശയം
തിരുവനന്തപുരം: ആറ്റിങ്ങലിൽ തെരുവുനായയുടെ ആക്രമണം. എട്ട് പേർക്ക് നായയുടെ കടിയേറ്റു. വഴിയരികിൽ നിന്നവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും, വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒരു നായ തന്നെയാണ് എല്ലാവരെയും അക്രമിച്ചതെന്ന സംശയവും നാട്ടുകാർ പറയുന്നു. ആറ്റിങ്ങലിൽ തെരുവുനായ ശല്യം രൂക്ഷമാകുകയാണ്. കുട്ടികൾ ഉൾപ്പെടെ ഭീതിയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലേക്ക് നായ എടുത്ത് ചാടുന്നതും അപകട സാധ്യതകൾ ഉണ്ടാക്കുന്നു.
അതേസമയം പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച കുട്ടി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്.
മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വാക്സിന്‍ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യനില ഗുരുതരമായത്.