വീണ്ടും തെരുവുനായ ആക്രമണം; കോഴിക്കോട് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ കടിച്ചു
ഒരേ നായ തന്നെയാണ് മൂന്ന് പേരെയും കടിച്ചതെന്ന് കടിയേറ്റ കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് അരക്കിണറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
നൂറാസ്, വൈഗ, സാജുദ്ദീൻ എന്നിവർക്കാണ് കടിയേറ്റത്. അരക്കിണർ ഗോവിന്ദവിലാസം സ്‌കൂളിനടുത്തുള്ള ഇടവഴിയിലായിരുന്നു സംഭവം. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സാജുദ്ദീന് കടിയേറ്റത്. പരിക്കേറ്റവരെ ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടുകാരുമൊത്ത് പോവുകയായിരുന്ന വൈഗയെ പുറകിൽ നിന്നുവന്നാണ് തെരുവുനായ കടിച്ചത്. തുടർന്ന്, സൈക്കിളിൽ പോവുകയായിരുന്ന നൂറാസിനെയും രക്ഷിക്കാൻ ശ്രമിച്ച സാജുദ്ദീനെയും ഇതേ തെരുവുനായ കടിക്കുകയുമായിരുന്നു.
ഒരേ നായ തന്നെയാണ് മൂന്ന് പേരെയും കടിച്ചതെന്ന് കടിയേറ്റ കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു. നായകളുടെ ശല്യം മൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്നു രാവിലെ കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയേയും തെരുവുനായ കടിച്ചിരുന്നു. മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്. രാവിലെ 11ഓടെ സഹോദരനൊപ്പം കടയില് നിന്ന് സാധനം വാങ്ങി മടങ്ങവെ വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം.
കാലിന് പരിക്കേറ്റ കുട്ടി നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അട്ടപ്പാടിയിൽ
അട്ടപ്പാടിയിൽ തിരുവോണ നാളില്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ നായ കടിച്ചിരുന്നു. സ്വർണപിരിവ് ഊരിലെ മൂന്നുവയസുകാരനെയാണ് ആക്രമിച്ചത്. കുഞ്ഞിന്റെ മുഖം നായ കടിച്ചുപറിച്ചു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ, കൊല്ലത്ത് ഇന്നലെ രണ്ട് സ്ത്രീകളെ കടിച്ച നായ ഇന്ന് ചത്തു. നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. മറ്റു തെരുവുനായകളേയും ഈ നായ കടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.