ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധം: സെക്രട്ടേറിയറ്റില്‍ ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍

സെപ്റ്റംബർ 30ന് മുമ്പ് പാസ് വാങ്ങണം എന്നാണ് ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്

Update: 2021-07-13 14:19 GMT
Editor : ijas
Advertising

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം. അണ്ടർ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍റെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ ഇനി മുതല്‍ മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫീസിൽ സന്ദർശനത്തിന് സാധിക്കൂ. ഇതുകൂടാതെ പരിശോധനകള്‍ക്കു ശേഷം മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കൂ. ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പുതിയ നിയന്ത്രണത്തിലൂടെ പാസ് നിര്‍ബന്ധമാക്കി. വി.ഐ.പി, സർക്കാർ, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ക്ക് മാത്രം കന്‍റോണ്‍മെന്‍റ് ഗേറ്റുവഴി പ്രവേശിക്കാം. സെപ്റ്റംബർ 30ന് മുമ്പ് പാസ് വാങ്ങണം എന്നാണ് ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ കാന്‍റീന്‍ ഗേറ്റുവഴി പ്രവേശിക്കണമെന്നും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

നേരത്തെ തിരുവനന്തപുരം സ്വര്‍ണക്കടത്തിലടക്കം പ്രതിപട്ടികയിലുള്ളവര്‍ക്ക് സെക്രട്ടേറിയറ്റില്‍ നിര്‍ബാധം കയറിയിറങ്ങാന്‍ സാഹചര്യമുണ്ടായി എന്ന കണ്ടെത്തലുണ്ടായിരുന്നു.  

സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  • വി.ഐ.പി വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും സെക്രട്ടേറിയറ്റ് വാഹന പാസ് പതിച്ചിട്ടുള്ള ജീവനക്കാരുടെ വാഹനങ്ങളും കന്‍റോണ്‍മെന്‍റ് ഗേറ്റുവഴി അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കാവുന്നതാണ്. ഇരുചക്രവാഹനങ്ങള്‍ കാന്‍റീന്‍ ഗേറ്റ് വഴിയും അകത്തേക്ക് കടക്കാവുന്നതാണ്.
  • 2021 സെപ്റ്റംബര്‍ 30ന് മുമ്പായി എല്ലാ ജീവനക്കാരും വാഹനങ്ങളില്‍ സെക്രട്ടേറിയറ്റ് പാസ് കരസ്ഥമാക്കേണ്ടതാണ്. വാഹനപാസ് പതിക്കാത്ത ജീവനക്കാരുടെ വാഹനങ്ങളുടെ പ്രവേശനം അനുവദിക്കുന്നതല്ല.
  • കാല്‍നടയായി സെക്രട്ടേറിയറ്റിലേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ജീവനക്കാര്‍ കന്‍റോണ്‍മെന്‍റ് വി.എഫ്.സിയും കന്‍റോണ്‍മെന്‍റ് ഗേറ്റിനോട് ചേര്‍ന്നുള്ള ചെറിയ ഗേറ്റും ഉപയോഗപ്പെടുത്തേണ്ടതാണ്.
  • വാഹനങ്ങളുടെ പുറത്തേക്ക് മാത്രമുള്ള സഞ്ചാരവും, ഇരുചക്രവാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും അകത്തേയ്ക്കും പുറത്തേക്കുമുള്ള കാല്‍നടയായിട്ടുള്ള സഞ്ചാരവും കാന്‍റീന്‍ ഗേറ്റ്(വൈ.എം.സി.എ ഗേറ്റ്) മുഖേന അനുവദിക്കുന്നതാണ്.
  • എല്ലാ ജീവനക്കാരും തിരിച്ചറിയല്‍കാര്‍ഡ് സുരക്ഷാജീവനക്കാര്‍ക്ക് കാണത്തക്ക രീതിയില്‍ കഴുത്തില്‍ ധരിക്കേണ്ടതാണ്. തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാത്ത ജീവനക്കാര്‍ സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാകേണ്ടിവരും.
  • ആഭ്യന്തര വകുപ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുത്തുന്നതിനായി വരുന്ന സന്ദര്‍ശകരെ സൗത്ത് സന്ദര്‍ശനസഹായ കേന്ദ്രം( സൗത്ത് വി.എഫ്.സി) വഴി പാസ് നല്‍കി അകത്തേക്ക് കയറ്റി വിടേണ്ടതാണ്.
  • മന്ത്രിമാരുടെയും വകുപ്പ് തലവന്‍മാരുടെയും ഓഫീസുകളിലേക്കുള്ള സന്ദര്‍ശകരെ, സന്ദര്‍ശനം സംബന്ധിച്ച അനിവാര്യമായ രേഖകള്‍ പരിശോധിച്ചതിനുശേഷമോ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറി പദവിക്കും അതിനു മുകളിലുമുള്ള ഒരു ഉദ്യോഗസ്ഥന്‍റെ ശുപാര്‍ശയിലൂടെയോ മാത്രമേ സന്ദര്‍ശക കേന്ദ്രങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് പ്രവേശന പാസ് അനുവദിക്കാവൂ. ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ പേര് പാസിലും പാസ് രജിസ്റ്ററിലും രേഖപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും സന്ദര്‍ശകന്‍ ശുപാര്‍ശയില്ലാതെ വരുന്നുണ്ടെങ്കില്‍ സന്ദ‍ര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഓഫീസില്‍ വിളിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം പാസ് അനുവദിക്കേണ്ടതാണ്. സെക്രട്ടറിയറ്റ് മെയിന്‍ ബ്ലോക്കില്‍ വരുന്ന സന്ദര്‍ശകരെ ഒരു സന്ദര്‍ശക കേന്ദ്രത്തില്‍ നിന്നും മറ്റൊരു സന്ദര്‍ശക കേന്ദ്രത്തിലേക്ക് പ്രവേശന പാസിനായി അയക്കുന്ന രീതി ഉണ്ടാകരുത്.
Tags:    

Editor - ijas

contributor

Similar News