തൊഴിലാളി പണിമുടക്ക്; രണ്ടു ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് നഷ്ടം 9 കോടി രൂപ
നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ 2 കോടി 80 ലക്ഷം രൂപയും, ഡീസൽ ചെലവായി രണ്ട് കോടി 50ലക്ഷം രൂപയും ദിവസവും വേണ്ടി വരും
രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ കെഎസ്ആർടിസിക്ക് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌ക്കരണ ചർച്ച തുടരുമെന്ന് മാനേജ്‌മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ സർക്കാർ തീരുമാനിക്കും പോലെ നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ കൂടുതൽ ടിക്കറ്റ് വരുമാനം ലഭിക്കുന്ന ദിവസങ്ങളായിരുന്നു വെള്ളി, ശനി. എന്നാൽ ജീവനക്കാർ പണിമുടക്കിയതിനാൽ വെള്ളിയാഴ്ച ഒരു ബസും ഓടിയില്ല. ഇന്നലെ മൂന്ന് സോണുകളിലുമായി 268 സർവ്വീസുകൾ നടത്തി. ദിവസവും ശരാശരി 3,300 ബസുകളാണ് ഇപ്പോൾ കെഎസ്ആർടിസി ഓടിച്ചിരുന്നത്. രണ്ട് ദിവസത്തെ പണി മുടക്കിനെ തുടർന്ന് 9 കോടി, 40 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ.
നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ 2 കോടി 80 ലക്ഷം രൂപയും, ഡീസൽ ചെലവായി രണ്ട് കോടി 50ലക്ഷം രൂപയും ദിവസവും വേണ്ടി വരും. സമരത്തിന് ഡയസ്‌നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ദിവസം ജോലിയ്ക്ക് എത്താത്ത ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ല. അതിനാൽ പണിമുടക്കിനെ തുടർന്ന് അധിക ബാധ്യത ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പണിമുടക്ക് നടത്തിയാലും ശമ്പള പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു.