കോളേജിൽ അടിവസ്ത്രം അഴിപ്പിച്ചത് ക്രമിനൽ കുറ്റം; വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ
വിദ്യാർഥികൾക്കെതിരായ നടപടിയിൽ കോളജിനോ അധ്യാപകർക്കോ പങ്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടി ക്രിമിനൽ കുറ്റമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. സമാന സംഭവങ്ങൾ നേരത്തെയുണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. ഇവിടെ സ്വകാര്യത എന്ന മൗലികാവകാശത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും എൻ.കെ പ്രേമചന്ദ്രൻ പ്രതികരിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ രംഗത്തെത്തിയതിനു പിന്നാലെയാണ് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ പ്രതികരണം.
ആയൂർ മാർത്തോമ്മ പരീക്ഷാ കേന്ദ്രത്തിൽ നടന്നത് നാണംകെടുത്തുന്ന സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം പരിശോധനയുടെ പേരിൽ അഴിപ്പിച്ചുവെന്നാണ് പരാതി. ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷനിലാണ് സംഭവം. മനുഷാവകാശം ലംഘിക്കപ്പെട്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് മാർച്ച് നടത്തി.
വിദ്യാർഥികൾക്കെതിരായ നടപടിയിൽ കോളജിനോ അധ്യാപകർക്കോ പങ്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ അടിവസ്ത്രത്തിൽ മെറ്റൽ വസ്തു കണ്ടെത്തിയെന്നാരോപിച്ചാണ് പെൺകുട്ടിയോട് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടത്. മടിച്ചു നിന്ന വിദ്യാർഥി മാതാപിതാക്കളിൽ നിന്ന് ഷാൾ വാങ്ങി അകത്തേക്ക് കയറി. പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങിപ്പോഴാണ് അടിവസ്ത്രം ഊരിവെപ്പിച്ച കാര്യം വിദ്യാർഥി അറിയിച്ചത്. ഇതേ അനുഭവം നൂറിലധികം പെൺകുട്ടികൾക്കുണ്ടായതായി ഇവർ പറയുന്നു.
മനുഷ്യാവകാശലംഘനമാണ് ഉണ്ടായതെന്നും കേന്ദ്ര സർക്കാരിനെ അതൃപ്തി അറിയിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. കോളേജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.