കുസാറ്റ് ഹോസ്റ്റലിൽ എസ്.എഫ്.ഐ ആക്രമണം; മെസ് സെക്രട്ടറിയടക്കം നിരവധി പേർക്ക് പരിക്ക്; ഹോസ്റ്റൽ റൂമിന് തീവച്ചു
ഹോസ്റ്റലിലെ ബി.ടെക് വിഭാഗത്തില്‍ ഇല്ലാത്ത ആളുകളാണ് വന്ന് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.
കൊച്ചി: കുസാറ്റ് ഹോസ്റ്റലിൽ എസ്.എഫ്.ഐ ആക്രമണം.ഹോസ്റ്റലിലെ മറ്റു വിദ്യാർഥികൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതിനിടെ, ഹോസ്റ്റൽ റൂമിന് ഒരു വിഭാഗം തീവച്ചു. എന്നാൽ എസ്.എഫ്.ഐ പ്രവർത്തകർ തന്നെയാണ് തീയിട്ടതെന്നാണ് ആരോപണം.
4.30ഓടെയാണ് ആണ്‍കുട്ടികള്‍ താമസിക്കുന്ന സഹാറ ഹോസ്റ്റലില്‍ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുറത്തുനിന്നുള്ള ഒരു സംഘം ആളുകളുമായെത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. കമ്പിപ്പാരകളും കമ്പികളും വടികളുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് ക്ലാസുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് പഠിക്കാനായി ഹോസ്റ്റലിലേക്ക് കയറാനിരിക്കെയാണ് ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകര്‍ ഓടിയെത്തി മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹാരിസ് മസ്ഫൂര്‍, എസ്.എഫ്.ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് വൈശാഖ്, വിവേക് തുടങ്ങി 10ലേറെ പേരാണ് മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥികളില്‍ ഒരാള്‍ മീഡിയ വണിനോട് വ്യക്തമാക്കി. ഹോസ്റ്റലിലെ ബി.ടെക് വിഭാഗത്തില്‍ ഇല്ലാത്ത ആളുകളാണ് വന്ന് മര്‍ദിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.
ഹോസ്റ്റലിലേക്ക് കയറിവന്ന എസ്.എഫ്.ഐ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ഹാരിസ് മഹറൂഫ് തന്റെ മുഖവും തലയും ഇഷ്ടിക കൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നെന്ന് ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനി വീഡിയോയില്‍ പറഞ്ഞു. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ട എസ്.എഫ്.ഐക്കാരോട് ചോദിക്കാന്‍ ചെന്നതിനായിരുന്നു മർദനം.
മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ ഋതിക്, നഈം, മെഹക്, നാലാം വര്‍ഷ വിദ്യാര്‍ഥികളായ വൈശാഖ്, അശ്വന്ത്, വിവേക്, ഷിപ് ടെക്‌നോളജിയിലെ ഹാരിസ് മഹറൂഫ്, പോളിമെര്‍ ഡിപാർട്ട്മെന്റിലെ ജിതിന്‍ എന്നിവരങ്ങുന്ന സംഘമാണ് തന്നെ മര്‍ദിച്ചെന്നും ഹാനി പറഞ്ഞു. അതേസമയം, അക്രമികളെ തടയാതിരുന്ന പൊലീസുകാർ ഇവര്‍ ഇറങ്ങിയ ശേഷം ഇവിടെ താമസിക്കുന്ന വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്ത് അകത്തേക്ക് കയറ്റുകയാണ് ചെയ്തെന്ന് എസ്.എഫ്.ഐ മര്‍ദനമേറ്റ മറ്റു വിദ്യാര്‍ഥികൾ വ്യക്തമാക്കി.
കമ്പികളും വടികളുമുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് എസ്.എഫ്.ഐ അക്രമികള്‍ വന്നതെന്ന് ദൃക്‌സാക്ഷിയായ വിദ്യാര്‍ഥികളില്‍ ഒരാള്‍ മീഡിയ വണിനോട് പ്രതികരിച്ചു. ഇവർ വരുന്നതുകണ്ട് ഗേറ്റ് പൂട്ടിയതോടെ ആ വിദ്യാര്‍ഥിയെ അടിച്ചിട്ട ശേഷം ഹോസ്റ്റലില്‍ കയറി മറ്റ് വിദ്യാര്‍ഥികളെ ആക്രമിക്കുകയുമായിരുന്നു. ആക്രമിക്കാനെത്തിയവരില്‍ കൂടുതല്‍ പേരും ഈ ഹോസ്റ്റലില്‍ ഉള്ളയാളുകളല്ലെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.
തങ്ങൾ നടത്തുന്ന സമരത്തില്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നില്ലെന്ന് എസ്.എഫ്.ഐ നേരത്തെ ആരോപിച്ചിരുന്നു. ഈ മുന്‍വൈരാഗ്യം വച്ചാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം ഉണ്ടായതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പറയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.