ബസിൽ നിന്നും വിദ്യാർഥി തെറിച്ചു വീണ സംഭവം: ഡ്രൈവർ കസ്റ്റഡിയിൽ

പാക്കിൽ സിഎംഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിരാമാണ് ബസിൽ നിന്ന് തെറിച്ചു വീണത്

Update: 2022-10-08 13:50 GMT
Advertising

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ്സിൽ നിന്നും തെറിച്ച് വീണ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർ മനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ബസ് അമിതവേഗത്തിലായിരുന്നുവെന്ന കാര്യം സിസിടിവിയിൽ വ്യക്തമായിരുന്നു. ഇതല്ലാതെ ബസിന്റെ ഡോർ അടഞ്ഞിട്ടില്ലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന വിദ്യാർഥികളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

നേരത്തേ അപകടമുണ്ടാക്കിയ ചിപ്പി എന്ന ബസ് പൊലീസ് പിടിച്ചെടുത്തിരുന്നു. ചിങ്ങവനം റൂട്ടിലോടുന്ന ബസ് ആണിത്.സംഭവം നടന്നതിന് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളുമായി ആർടിഒയും മുന്നോട്ടു പോകുന്നുണ്ട്.

ഇന്നലെ വൈകുന്നേരം നാലു മണിയോടുകൂടിയായിരുന്നു സംഭവം. പാക്കിൽ സിഎംഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിരാമാണ് ബസിൽ നിന്ന് തെറിച്ചു വീണത്. മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ രണ്ടു പല്ലുകൾ ഇളകുകയും മേൽചുണ്ടിന് മുറിവേൽക്കുകയും ചെയ്തു.

ഇന്നലെ സ്‌ക്കൂൾ വിട്ട് വരുന്നതിനിടെയാണ് അപകടം നടന്നത്. ബസ് അമിത വേഗതിയാലാണെന്നും ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. ഓട്ടോമാറ്റിക് ഡോറായിരുന്നു ബസിന്റേത്. കുടംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തെറിച്ചുവീണത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News