കാവി ഇന്ത്യക്കെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിയുടെ സസ്‌പെൻഷനെതിരെ കാലിക്കറ്റ് എൻ.ഐ.ടിയിൽ പ്രതിഷേധം
സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയെ തിരിച്ചെടുക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
കോഴിക്കോട്: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാലിക്കറ്റ് എൻ.ഐ.ടിയിൽ കാവി ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം. വൈശാഖ് പ്രേംകുമാറിനെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ എൻ.ഐ.ടി കാമ്പസിൽ പ്രതിഷേധിച്ചത്. 'ഇന്ത്യ രാമ രാജ്യമല്ല, ജനാധിപത്യ രാജ്യമാണ്' എന്നെഴുതിയ പ്ലെക്കാർഡുമായി പ്രതിഷേധിച്ചതിനാണ് വൈശാഖ് പ്രേംകുമാറിന് സസ്‌പെൻഡ് ചെയ്തത്.
വിഷയം ചർച്ച ചെയ്യാനായി സ്റ്റുഡൻസ് വെൽഫെയർ ഡീൻ യോഗം വിളിച്ചിരുന്നു. വിദ്യാർഥികളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്നാണ് യോഗത്തിൽ കോളജ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ വിദ്യാർഥികൾ സസ്‌പെൻഷനെതിരെ നിലപാട് വ്യക്തമാക്കിയിട്ടും നടപടി പിൻവലിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.