ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാതെ ലക്ഷദ്വീപിലെ വിദ്യാർഥികൾ; ടിക്കറ്റോ ആവശ്യമായ കപ്പൽ ഷെഡ്യൂളുകളോ ഇല്ല
യാത്രാ പ്രതിസന്ധി റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ സംഘത്തെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു
കൊച്ചി: ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റോ ആവശ്യമായ കപ്പൽ ഷെഡ്യൂളുകളോ ഇല്ലാതെ വലഞ്ഞ് ലക്ഷദ്വീപിലെ വിദ്യാർഥികൾ. എറണാകുളം ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുള്ള ടിക്കറ്റ് കൗണ്ടറിൽ, വിദ്യാർഥികൾ കൂട്ടത്തോടെ എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. യാത്രാ പ്രതിസന്ധി റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ സംഘത്തെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു.
ഓണത്തോടനുബന്ധിച്ച് ഹോസ്റ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചതോടെ ലക്ഷദ്വീപ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുകയാണ്. എന്നാൽ കപ്പലിന് ടിക്കറ്റ് ലഭിക്കാതെ വന്നതോടെ, ഏറെ പ്രതിസന്ധിയിലാണ് വിദ്യാർഥികൾ. ടിക്കറ്റ് ലഭിക്കാൻ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ടിക്കറ്റ് കൗണ്ടറിൽ രാപ്പകൽ ഭേദമില്ലാതെ വിദ്യാർഥികൾ കാത്തിരിപ്പാണ്.
ഇതിനിടെ, യാത്രാ പ്രതിസന്ധി റിപ്പോർട്ട് ചെയ്യാൻ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ എത്തിയ മാധ്യമപ്രവർത്തകരെ, ലക്ഷദ്വീപിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ പകർത്തുന്നത് തടയുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകർ ഉപകരണങ്ങൾ തടഞ്ഞുവെക്കാനും ശ്രമിച്ചു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.