രാത്രി വിലക്കിനെതിരെ തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർഥികളുടെ പ്രതിഷേധം
പ്രത്യക്ഷ സമരത്തിനൊപ്പം നിയമ പോരാട്ടവും നടത്തുമെന്ന് കോളേജ് യൂണിയൻ വ്യക്തമാക്കി
തൃശൂര്‍: രാത്രി വിലക്കിനെതിരെ തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർഥികളുടെ പ്രതിഷേധം. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേരിലാണ് പ്രതിഷേധ കൂട്ടായ്മ. പ്രത്യക്ഷ സമരത്തിനൊപ്പം നിയമ പോരാട്ടവും നടത്തുമെന്ന് കോളേജ് യൂണിയൻ വ്യക്തമാക്കി.
തൃശൂർ മെഡിക്കൽ കോളേജിൽ രാത്രി 9.30ന് മുൻപ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്നത് വർഷങ്ങളായുള്ള നിബന്ധനയാണ്. മുൻകാലങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും രാത്രി നിരോധനം മാറ്റാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. മാറിയ കാലത്ത് സ്ത്രീകൾക്ക് മാത്രമുള്ള വിലക്കുകൾ അംഗീകരിക്കാനാകില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
വനിതാ ഹോസ്റ്റലിന് മുന്നിലെ മതിലിൽ ചിത്രം വരച്ചും മുദ്രാവാക്യങ്ങൾ എഴുതിയുമാണ് സമരത്തിന് തുടക്കം കുറിച്ചത്. വരും ദിവസങ്ങളിൽ രാത്രി സമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് കോളേജ് യൂണിയൻ വ്യക്തമാക്കി.