മടീല്‍ ഇരിക്കാലോല്ലേ: സീറ്റ് വെട്ടിപ്പൊളിച്ച സദാചാര ഗുണ്ടകൾക്ക് ചുട്ട മറുപടിയുമായി വിദ്യാര്‍ഥികള്‍

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാൻ കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റിൽ പരിഷ്കാരങ്ങള്‍ വരുത്തിയതിനെതിരെയാണ് തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ മാസ് മറുപടി നല്‍കിയത്

Update: 2022-07-21 05:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ എന്താണ് കുഴപ്പം? എന്തു കുഴപ്പമല്ലേ..എന്നാല്‍ സദാചാരക്കാര്‍ക്ക് അതൊരു ആഗോള പ്രശ്നം തന്നെയാണ്.അത്തരം  സദാചാര ഗുണ്ടകള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികള്‍.. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാൻ കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റിൽ പരിഷ്കാരങ്ങള്‍ വരുത്തിയതിനെതിരെയാണ് തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ മാസ് മറുപടി നല്‍കിയത്.

കോളേജിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ കണ്ടത് ഒരുമിച്ച് ഇരിക്കുന്ന ബെഞ്ചിന് പകരം ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന കസേരകളാണ്. ആദ്യം സംഭവം മനസിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ പ്രതിഷേധവും ഉയർന്നു.


ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികൾ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്‍റെ ചിത്രവും വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'അടുത്ത് ഇരിക്കരുതെന്നല്ലേ ഉള്ളൂ, മടീൽ ഇരിക്കാല്ലോ അല്ലേ' എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്. വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മുന്‍ എം.എല്‍.എ ശബരീനാഥനും പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ശബരീനാഥിന്‍റെ കുറിപ്പ്

സി.ഇ.ടി (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് മനോഹരമായ ഒരു മറുപടി സി.ഇ.ടിയിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി…. ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല. സി.ഇ.ടിക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News