'ബഹുമാനപ്പെട്ട മന്ത്രി ആന്റി അറിയാൻ, സ്‌കൂളിലേക്കുള്ള ഈ റോഡൊന്ന് ശരിയാക്കി തരുമോ...? '; വീണാജോർജിന് കത്തെഴുതി വിദ്യാർഥികൾ

പുല്ലാട് സ്‌കൂളിലേക്കുള്ള പ്രധാന വഴിയായ മുട്ടുമൺ- ചെറുകോൽപ്പുഴ റോഡ് ഒന്നരവർഷമായി തകർന്ന് കിടക്കുകയാണ്

Update: 2022-12-02 05:25 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംത്തിട്ട: മന്ത്രി വീണാ ജോർജിന് കത്തുകളെഴുതി പരാതിയറിച്ച് പത്തനംതിട്ട പുല്ലാട് ഗവ.യു പി സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ കത്തുകളെഴുതിയത്. വിദ്യാർഥികളും നാട്ടുകാരും മാസങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് വേഗത്തിൽ പരിഹാരം കാണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെടുന്നു.

ബഹുമാനപ്പെട്ട മന്ത്രിയാന്റിക്ക് എന്നു പറഞ്ഞാണ് കത്തുതുടങ്ങുന്നത്. ഞങ്ങളുടെ പുല്ലാട് സ്‌കൂളിലേക്കുള്ള പ്രധാന വഴിയാണ് മുട്ടുമൺ- ചെറുകോൽപ്പുഴ റോഡ്. ഒന്നരവർഷമായി തകർന്ന് കിടക്കുന്ന റോഡ് സഞ്ചാര യോഗ്യമാക്കുമെന്ന് നിരവധി തവണ പലരും പറഞ്ഞതാണ്. എന്നാൽ അത് പറഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കുണ്ടും കുഴിയും കടന്നാണ് ഇപ്പോഴും ഞങ്ങൾ സ്‌കൂളിലേക്കെത്തുന്നത്. വിദ്യാർഥികൾ മാത്രമല്ല കുറച്ച് കാലം മുമ്പ് വരെ മറ്റ് നിരവധിയാളുകളും ഈ റോഡ് ഉപയോഗിച്ചിരുന്നതായാണ് അധ്യാപകർ പറയുന്നത് .

കോയിപ്രം - തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന മുട്ടുമണ്‍ - ചെറുകോല്പ്പുഴ റോഡിന് അഞ്ച് കിലോ മീറ്റർ നീളം മാത്രമാണുള്ളത്. സഞ്ചാര യോഗ്യമായിരുന്ന റോഡ് പുനർനിർമ്മാക്കാനെന്ന പേര് പറഞ്ഞാണ് ചിലർ റോഡ് കുത്തിപ്പൊളിച്ചത്. വാഹനങ്ങളിലെത്തുന്നവരോടൊപ്പം പ്രായമായ ഓട്ടേറെയാളുകളും ഈ വഴി സ്ഥിരമായി സഞ്ചരിക്കുന്നുണ്ട്.

സ്ഥലം എം.എൽ.എയായ മന്ത്രിയാന്റിയോട് പരാതി പറഞ്ഞാൽ റോഡിന്റെ കാര്യത്തില് വേഗം പരിഹാരമുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്ന് വിദ്യാർഥികൾ പറയുന്നു. ആയതിനാൽ ഞങ്ങളുടെ പരാതി ലഭിച്ചാല്‍ മന്ത്രിയാന്റി വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും കരുതുന്നെന്നും വിദ്യാർഥികൾ കത്തിൽ പറയുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News