എഴുത്തുകാരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ ഭരണകൂടം പുതിയ തന്ത്രങ്ങൾ പുറത്തെടുത്തു: സുഭാഷ് ചന്ദ്രന്‍
കേന്ദ്ര സാഹിത്യ ആക്കാദമി,ഡൽഹി ആസ്ഥാനത്ത് സംഘടിപ്പിച്ച എഴുത്തുകാരനുമായുള്ള സംവാദത്തിലാണ് സുഭാഷ് ചന്ദ്രൻ തുറന്നടിച്ചത്
ഡല്‍ഹി: എഴുത്തുകാരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ ഭരണകൂടം പുതിയ തന്ത്രങ്ങൾ പുറത്തെടുത്തതായി കഥാകൃത്ത് സുഭാഷ് ചന്ദ്രൻ. മാസം തുക നൽകി പുതിയ എഴുത്തുകാരെ കണ്ടെത്തുകയാണ്. കേന്ദ്ര സാഹിത്യ ആക്കാദമി,ഡൽഹി ആസ്ഥാനത്ത് സംഘടിപ്പിച്ച എഴുത്തുകാരനുമായുള്ള സംവാദത്തിലാണ് സുഭാഷ് ചന്ദ്രൻ തുറന്നടിച്ചത്.
മനുഷ്യന് ഒരാമുഖം എഴുതിയ സാഹിത്യകാരന് ഫാസിസം എഴുത്തിനെ കീഴടക്കുമ്പോൾ പ്രതികരിക്കുന്നത് എങ്ങനെ ആണെന്നതിനെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. പറയുന്നത് ഡൽഹിയിൽ ഇരുന്നാണെങ്കിൽ പോലും ചിലത് പറയണം എന്ന് തന്നെയായിരുന്നു നിലപാട്.
മലയാളം പറയാൻ കഴിയുന്നില്ല എന്നത് വലിയ പോരായ്മയായി പോലും ഇന്ന് പലരും കാണുന്നില്ലെന്നു സുഭാഷ് ചന്ദ്രൻ കുറ്റപ്പെടുത്തി.രാഷ്ട്രീയക്കാരുടെ ഇംഗ്ലീഷ് പ്രസംഗത്തിലെ പിഴവ് കണ്ടുപിടിക്കുന്നവർ കമന്‍റായി എഴുതുന്ന മലയാളത്തിൽ നിരവധി തെറ്റുകളാണുള്ളത്. മലയാളം കവിത വായിക്കാൻ വേണ്ടി വിദേശികൾ പോലും മലയാളം പഠിക്കുന്ന കാലം സ്വപ്‍നം കണ്ടിരുന്നയാളാണ് മഹാകവി കുമാരനാശാൻ.അവനവനിൽ വിശ്വാസമില്ലാത്തവരായി മാറരുത്. മാതൃഭാഷയിൽ അഭിമാനിക്കണമെന്നും അക്കാദമിയിൽ ഒത്തുകൂടിയ ഡൽഹി മലയാളികളോട് എഴുത്തുകാരൻ ആവശ്യപ്പെട്ടു. അക്കാദമി ഉപദേശക സമിതി അംഗം കൂടിയായ സാഹിത്യകാരൻ കെ.പി രാമനുണ്ണി സുഭാഷ് ചന്ദ്രനെയും എഴുത്തിനെയും പരിചയപ്പെടുത്തി.