മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് സ്വയം ആളാവുകയാണ് സുധാകരൻ: എ. വിജയരാഘവൻ

ഒറ്റപ്പെട്ട സംഭവമല്ല സുധാകരന്റെ ഇത്തരം അധിക്ഷേപങ്ങളെന്നും വിജയരാഘവൻ

Update: 2022-05-18 06:06 GMT
Editor : afsal137 | By : Web Desk
Advertising

മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് സ്വയം ആളാവുകയാണ് സുധാകരനെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. കെ.പി.സി.സി അധ്യക്ഷന് ചേരാത്ത പ്രസ്താവനയാണ് കെ.സുധാകരൻ നടത്തിയതെന്നും കോൺഗ്രസിന്റെ തകർച്ചയുടെ അടയാളമാണ് സുധാകരന്റെ അധ്യക്ഷ സ്ഥാനമെന്നും എ.വിജയരാഘവൻ തുറന്നടിച്ചു. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ചു വന്ന നായയെപ്പോലെ ഇറങ്ങിനടക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരന്റെ വിവാദ പരാമർശം. ഇതിനു പിന്നാലെയാണ് സുധാകരനെതിരെ പരസ്യ പ്രതികരണവുമായി വിജയരാഘവൻ രംഗത്തെത്തിയത്.

പൊതുപ്രവർത്തകർ പാലിക്കേണ്ട ഒരു മര്യാദയും സുധാകരനില്ല, കേരളത്തിലെ ജനങ്ങൾ ഇതിന് മറുപടി പറയും, ഒറ്റപ്പെട്ട സംഭവമല്ല സുധാകരന്റെ ഇത്തരം അധിക്ഷേപങ്ങളെന്നും വിജയരാഘവൻ വ്യക്തമാക്കി. തൃക്കാക്കര മണ്ഡലം LDF പിടിച്ചെടുക്കുമെന്നും ഇതിൽ പരിഭ്രാന്തരായാണ് ഇത്തരം പ്രസ്താവനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ എ.എൻ ഷംസീർ എം.എൽ.എയും രംഗത്തുവന്നു. ആറ് വയസ്സുകാരന്റെ ബുദ്ധിയും ആറ് ആളുടെ വലിപ്പവും ഉള്ളയാളാണ് സുധാകരനെന്നായിരുന്നു എ.എൻ ഷംസീറിന്റെ പരാമർശം. ജാതിയും മതവും നോക്കിയല്ല എൽ.ഡി.എഫ് വോട്ട് പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.പി.സ.സി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം തൃക്കാക്കരയിൽ പ്രചാരണായുധമാക്കുകയാണ് ഇടതുമുന്നണി. ബുത്തുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ഉയർത്തിക്കൊണ്ട് വരാനാണ് എൽ.ഡി.എഫിന്റെ തീരുമാനം. എന്നാൽ മുഖ്യമന്ത്രിയുടെ മുൻകാല പരാമർശങ്ങൾ ഉയർത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

കെ. സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ എൽ.ഡി.എഫ് നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. എൽ.ഡി.എഫ് കൺവൻഷനിൽ മുഖ്യമന്ത്രി നടത്തിയ സൗഭാഗ്യ പരാമർശം യുഡിഎഫ് പ്രചാരണത്തിൽ സജീവ ചർച്ചയാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് എൽ.ഡി.എഫിന് സുധാകരന്റെ പരാമർശം വീണ് കിട്ടയ ആയുധമായത്. മുഖ്യമന്ത്രി തന്നെ സുധാകരന് പ്രചാരണയോഗങ്ങളിൽ മറുപടി നൽകിയേക്കും. സുധാകരന്റെ പ്രസ്താവന യു.ഡി.എഫ് നേതാക്കൾ തള്ളി പറഞ്ഞിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഈ വിഷയത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളും തൃക്കാക്കരയിലെ പ്രചാരണത്തെ ചൂടുപിടിപ്പിച്ചിരിക്കുകായണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News