വാകേരിയിൽനിന്ന് പിടികൂടിയ നരഭോജി കടുവയുടെ മുഖത്തെ മുറിവിന് ശസ്ത്രക്രിയ നടത്തും
എട്ട് സെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവാണ് കടുവയുടെ മുഖത്തുള്ളത്.
തൃശൂർ: വാകേരിയിൽനിന്ന് പിടികൂടിയ നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കും. മുഖത്തെ മുറിവിനാണ് ശസ്ത്രക്രിയ നടത്തുക. എട്ട് സെന്റീമീറ്ററോളം ആഴത്തിലുള്ളതാണ് മുറിവ്. ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് കടുവക്ക് പരിക്കേറ്റത്.
ചികിത്സക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകി. നാളെ ഉച്ചക്ക് വെറ്റിനറി സർവകലാശാലയിൽനിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ നൽകുന്നത്. പരിക്കിനെ തുടർന്ന് കടുവക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കൽ പാർക്കിൽനിന്ന് അറിയിച്ചത്.
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഇന്നലെയാണ് വയനാട്ടിൽ പിടിയിലായ കടുവയെ എത്തിച്ചത്. 13 വയസ് പ്രായമുള്ള കടുവയെ 40 മുതൽ 60 ദിവസം വരെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ക്വാറന്റൈനിൽ നിർത്തും. നിലവിൽ നിരീക്ഷണ കേന്ദ്രത്തിലുള്ള കടുവക്ക് ആറ് കിലോ ബീഫടക്കം ഭക്ഷണം നൽകും. നെയ്യാറിൽനിന്ന് എത്തിച്ച വൈഗ, ദുർഗ എന്നീ കടുവകളും പുത്തൂരിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ട്.