മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി
സ്റ്റേഷനിലെ മരത്തിൽ കയറി പൊലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്‍റെ പരാക്രമം
മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. സ്റ്റേഷനിലെ മരത്തിൽ കയറി പൊലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്‍റെ പരാക്രമം. എടക്കര കാക്കപരതയിൽ നാട്ടുകാർക്ക് നേരെ ആക്രമണ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് വണ്ടൂർ സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയതോടെ ഉദ്യോഗസ്‌ഥരെ കബളിപ്പിച്ചു ഷമീർ അടുത്തുള്ള മരത്തിൽ കയറുകയായിരുന്നു . തുടർന്നായിരുന്നു യുവാവിന്‍റെ ആത്മഹത്യാ ഭീഷണി.
യുവാവിനെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. ഷമീർ സ്ഥിരമായി മർദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വണ്ടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് ഷമീർ എടക്കരയിലേക്ക് വണ്ടികയറിയത്. തുടർന്നായിരുന്നു നാട്ടുകാർക്ക് നേരെയുള്ള പരാക്രമം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവ് താഴെയിറങ്ങിയത്. ഒടുവിൽ ഷമീർ ആവശ്യപ്പെട്ടതനുസരിച് പൊലീസ് തന്നെ യുവാവിനെ സഹോദരന്‍റെ വീട്ടിലെത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം മുൾ മുനയിൽ നിർത്തിയെങ്കിലും കേസെടുക്കാതെയാണ് ഷമീറിനെ സഹോദരന്‍റെ വീട്ടിലെത്തിച്ചത്.