'മക്കളെ... നിങ്ങളെ രക്ഷിക്കുന്നവർ നിങ്ങളുടെ മതക്കാരല്ല, പാർട്ടിക്കാരല്ല, ചോരയല്ല.. ഇത് കണ്ടുവളരുക'- ഗായിക സുജാത മോഹൻ
വളരുമ്പോൾ ആരാവാനാണ് ആഗ്രഹമെന്ന് ചോദിച്ചാൽ നല്ലൊരു മനുഷ്യനാകണമെന്ന് പറയണമെന്നും സുജാത കുറിച്ചു.
വയനാട്: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാത മോഹൻ. 'മക്കളേ, നിങ്ങളെ ഇന്ന് രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിലുള്ളവരല്ല, നിങ്ങളുടെ അച്ഛന്റെ പാർട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല....ഇത് കണ്ടു നിങ്ങൾ വളരുക, നിങ്ങളുടെ സഹജീവികളെ സ്നേഹിച്ച് വളരുക' സുജാത സോഷ്യൽ മീഡിയയിൽ കുറിച്ചു.
'നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ ഡോക്ടറാവണമെന്നോ എന്‍ജിനിയറാവണമെന്നോ അല്ല... നല്ലൊരു മനുഷ്യനാവണമെന്ന് പറയണമെന്നും സുജാത കൂട്ടിച്ചേർത്തു.
വയനാട്ടിൽ രക്ഷാപ്രവർത്തനം രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. രണ്ട് പ്രദേശങ്ങൾ പൂർണമായും ഇല്ലാതായെന്നു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 1592 പേരെ രക്ഷപ്പെടുത്തി. നിലവിൽ 81 ക്യാമ്പുകളിലായി 8107 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായി റി: മേജർ ജനറൽ ഇന്ദ്രബാലൻ്റെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെയ്ലി പാലം നാളെ സജ്ജമാകും, പോസ്റ്റ്മാർട്ടം നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.