സസ്പെൻഷന് ശേഷം തിരിച്ചെത്തിയ സുജിത് ദാസിന് പുതിയ ചുമതല; ഇനി ഐടി എസ്പി
പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുജിത് ദാസിന്റെ തൊപ്പി തെറിച്ചത്.


തിരുവനന്തപുരം: സസ്പെൻഷനു ശേഷം സർവീസിൽ തിരിച്ചെത്തിയ മലപ്പുറം, പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിന് പുതിയ ചുമതല. സുജിത് ദാസിനെ ഐടി എസ്പിയായി നിയമിച്ചു. സസ്പെൻഷനു ശേഷം സർക്കാർ നിയമനം നൽകിയിരുന്നില്ല. പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുജിത് ദാസിന്റെ തൊപ്പി തെറിച്ചത്.
മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിക്കേസിലടക്കം സുജിത് ദാസുമായി നടത്തിയ ഫോൺ സംഭാഷണമാണ് പി.വി അൻവർ പുറത്തുവിട്ടത്. കേസിൽ പി.വി അൻവർ നൽകിയ പരാതി പിൻവലിക്കണമെന്നും വേണമെങ്കിൽ കാലുപിടിക്കാം എന്നടക്കമുള്ള കാര്യങ്ങളായിരുന്നു ഒന്നാമത്തെ ഓഡിയോയിലുണ്ടായിരുന്നത്.
എഡിജിപി എം.ആർ അജിത്കുമാറിനെതിരായ ഓഡിയോ ആയിരുന്നു രണ്ടാമത്തേത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായി അജിത്കുമാറിന് അടുത്തബന്ധമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ സർക്കാർ സംരക്ഷിക്കുന്നതെന്നും ഈ ഓഡിയോയിൽ സുജിത് ദാസ് പറഞ്ഞിരുന്നു. ഇത് ആഭ്യന്തര വകുപ്പിനകത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയും സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
ആറ് മാസത്തിനു ശേഷം ഈ മാസം ഏഴിന് തിരിച്ചെടുത്തെങ്കിലും മറ്റ് നിയമനമൊന്നും നൽകിയിരുന്നില്ല. ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിഗമനം. ഇതിൽ ക്രമസമാധാന ചുമതലയില്ല. അതേസമയം, ഐടിയുടെ സാധ്യതകൾ ഉപയോഗിച്ച് അരീക്കോട് ക്യാംപിൽ ഫോൺ ചോർത്താൻ സുജിത് ദാസ് പ്രത്യേകസംഘത്തെ നിയമിച്ചിരുന്നു എന്ന ആരോപണവും അൻവർ ഉന്നയിച്ചിരുന്നു.