സുകുമാരകുറുപ്പ് കോട്ടയത്തെന്ന് വാര്‍ത്ത! അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത്...

ഹിന്ദി ചാനലായ ആജ് തക്കില്‍ 'ക്രൈം തക്' എന്ന 45 മിനുറ്റ് നീളുന്ന പരിപാടിയില്‍ സുകുമാരക്കുറുപ്പിനെക്കുറിച്ച് വാര്‍ത്ത വരികയും ലഖ്നോവിലെ ആശുപത്രിയിലുണ്ടായിരുന്ന ജോബാണോ സുകുമാരക്കുറുപ്പ് എന്ന് അവിടുത്തെ ഡോക്ടര്‍ക്കും അജേഷിനും സംശയം തോന്നുകയും ചെയ്തു

Update: 2021-11-13 04:58 GMT
Editor : ijas
Advertising

കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം നവജീവനിലുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് കുറുപ്പ് കോട്ടയത്തുള്ളതായി വാര്‍ത്ത നല്‍കിയത്. എന്നാല്‍, ചില രൂപസാദൃശ്യമൊഴികെ സുകുമാരക്കുറുപ്പുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നാലുവര്‍ഷം മുമ്പ് നവജീവനില്‍ എത്തിയ അടൂര്‍ പന്നിവിഴ സ്വദേശി ജോബിനെയാണ് സുകുമാരകുറുപ്പെന്ന് തെറ്റിദ്ധരിച്ചത്.

172 സെ.മീ ഉയരമായിരുന്നു സുകുമാരക്കുറുപ്പിന്​. ജോബിന് 162 സെ.മീറ്ററും. എയര്‍ഫോഴ്സിലായിരുന്ന ജോബ് 35 വര്‍ഷമായി വീട്ടുകാരുമായി അകന്നുകഴിയുകയാണെന്നാണ് പറഞ്ഞിരുന്നത്. നാലുവർഷം മുമ്പ് ഉത്തർപ്രദേശിലെ ലഖ്​നോ കിങ്​ ജോർജ്​ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അപകടത്തിൽ പരിക്കേറ്റ് എത്തിയതാണ്​ ജോബ്​. ആശുപത്രിയിലെ മലയാളി മെയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് അന്ന്​ ജോബിനെ ശുശ്രൂഷിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ നല്ല സൗഹൃദമായി. തുടര്‍ന്ന് ആര്‍പ്പൂക്കരയിലെ നവജീവന് ട്രസ്റ്റി പി.യു തോമസ് ജോബിന്‍റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

ഇതിനിടെ ഹിന്ദി ചാനലായ ആജ് തക്കില്‍ 'ക്രൈം തക്' എന്ന 45 മിനുറ്റ് നീളുന്ന പരിപാടിയില്‍ സുകുമാരക്കുറുപ്പിനെക്കുറിച്ച് വാര്‍ത്ത വരികയും ലഖ്നോവിലെ ആശുപത്രിയിലുണ്ടായിരുന്ന ജോബാണോ സുകുമാരക്കുറുപ്പ് എന്ന് അവിടുത്തെ ഡോക്ടര്‍ക്കും അജേഷിനും സംശയം തോന്നുകയും ചെയ്തു. ഈ സംശയം വാര്‍ത്തയായി വന്നതോടെയാണ് ജോബിനെ തിരഞ്ഞ് പൊലീസ് എത്തിയത്. ക്രൈം ബ്രാഞ്ച് സി.ഐ ന്യൂമാന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം കോട്ടയം ക്രൈം ബ്രാഞ്ചിന്‍റെ സഹായത്തോടെ ജോബിനെ കാണാനെത്തി. പ്രഥമദൃഷ്ടിയില്‍ തന്നെ സുകുമാരക്കുറുപ്പ് അല്ലെന്ന് മനസ്സിലായതായി പൊലീസ് പറഞ്ഞു. വിശദപരിശോധന നടത്തി സുകുമാരക്കുറുപ്പല്ല നവജീവനില്‍ കഴിയുന്നതെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം മടങ്ങിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News