സൂറത്തിൽ, മുംബൈയിൽ, ഋഷികേശിൽ... പലയിടത്തും പൊങ്ങിയ കുറുപ്പ്

തലശ്ശേരിയില്‍ കണ്ടയാള്‍ കുറുപ്പാണെന്ന് ധരിച്ച് ഒരിക്കല്‍ പൊലീസ് പത്രപ്പരസ്യവും നല്‍കി

Update: 2021-11-12 05:28 GMT
Editor : abs | By : Web Desk
Advertising

ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' സിനിമാ തിയേറ്ററുകളിലെത്തുമ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് സുകുമാരക്കുറുപ്പ് എന്ന കേരള പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍. കൊലപാതകം നടത്തി മുങ്ങിയ കുറുപ്പ് മൂന്നരപ്പതിറ്റാണ്ടിനിടെ പലവേള 'പൊങ്ങിയിട്ടുണ്ട്' എന്നതാണ് ഇതിൽ കൗതുകകരം. എന്നാൽ പൊലീസും നാട്ടുകാരും കണ്ടുവച്ച  ഒരാൾ പോലും കുറുപ്പായിരുന്നില്ല! 

കേസിന്റെ ആദ്യ നാളുകളിൽ കുറുപ്പിന്റെ രൂപസാദൃശ്യമുള്ള പലരെയും നാട്ടുകാർ പലയിടത്തു നിന്ന് പിടികൂടിയിരുന്നു. വായുസേനയിലെ ഒരു ഉദ്യോഗസ്ഥന് ഒരിക്കൽ നാട്ടുകാരുടെ മർദനം വരെ ഏൽക്കേണ്ടി വന്നു. ഗുജറാത്തിലെ സൂറത്ത്, മുംബൈ, ഋഷികേശ്, തലശ്ശേരി എന്നിവിടങ്ങളിലും 'കുറുപ്പിനെ' കണ്ടെന്ന വാർത്തയുണ്ടായിരുന്നു.

സൂറത്തിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കുറുപ്പ് കഴിയുന്നുവെന്നായിരുന്നു ഒരു വാർത്ത. മലയാളി നഴ്‌സാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനെ അറിയിച്ചത്. എന്നാൽ പൊലീസ് ആശുപത്രിയിലെത്തുമ്പോൾ 'കുറുപ്പ്' കിടന്ന കട്ടിൽ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ഋഷികേശിനടുത്തുള്ള ജോഷിമഠിൽ കുറുപ്പ് സന്യാസിയായി കഴിയുന്നു എന്നായിരുന്നു മറ്റൊരു വിവരം. പൊലീസെത്തിങ്കിലും അങ്ങനെയൊരാളെ കണ്ടെത്താനായില്ല. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് വാടക നൽകാതെ മുങ്ങിയ മലയാളി കുറുപ്പാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പൊലീസിന് തെളിവൊന്നും കിട്ടിയില്ല.

തലശ്ശേരിയിലും 'കുറുപ്പിനെ' കണ്ടവരുണ്ടായി. നഗരത്തിൽ കാഷായ വസ്ത്രം ധരിച്ച് ഭിക്ഷാടനം നടത്തുന്ന താടിക്കാരൻ സന്യാസി കുറുപ്പാണ് എന്നായിരുന്നു സംശയം. ഒരാൾ ഫോട്ടോയെടുത്ത് പൊലീസിന് നൽകി. റെക്കോർഡ്‌സിലുള്ള കുറുപ്പിന്റെ ഫോട്ടോയുമായി ഇതിന് സാമ്യം തോന്നിയ പൊലീസ് പത്രങ്ങളിൽ പരസ്യം നൽകി. എന്നാൽ കാര്യമുണ്ടായില്ല.

കുറുപ്പിനായി രാജ്യത്തിനു പുറത്തുവരെ വരെ കേരള പൊലീസ് വല വിരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ എവിടെയോ കുറുപ്പ് ഒളിച്ചു കഴിയുന്നുവെന്നും ഹൃദ്രോഗം വന്നു മരണപ്പെട്ടു എന്നും വാർത്തകളുണ്ടായി. എന്നാൽ കേരള പൊലീസിന്റെ ലോങ് പെൻഡിങ് ഫയലിൽ ഏറ്റവും വലിയ കുറ്റവാളിയായി ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു.

കുറുപ്പിനെ തേടിയുള്ള യാത്രകൾ നിഷ്ഫലമായെങ്കിലും മറ്റു പ്രതികളുടെ പേരിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മാവേലിക്കര കോടതി ഭാസ്‌കരപിള്ളയ്ക്കും പൊന്നപ്പനും ജീവപര്യന്തം തടവു വിധിച്ചു. സരസമ്മയെയും തങ്കമണിയെയും വെറുതെ വിട്ടു. ഷാഹുവിനെ മാപ്പു സാക്ഷിയാക്കിയാണ് കേസ് ചുമത്തിയത്. സുകുമാരക്കുറുപ്പിന്റെ പേരിലുള്ള കുറ്റപത്രം മാവേലിക്കര സെഷൻസ് കോടതിയിൽ ലോങ് പെൻഡിങ് ലിസ്റ്റിലുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News