പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
കൊല്ലം പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. പുനലൂർ നഗരസഭാംഗം ഡി ദിനേശനാണ് സൂര്യാതപമേറ്റത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഇന്ന് ഉച്ച വരെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരാണ്. സൂര്യാഘാത സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്തെ മിക്കയിടങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കൊല്ലം പുനലൂരിൽ 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഇന്നത്തെ ഏറ്റവും കൂടിയ താപനിലയാണിത്. കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും കനത്ത ചൂടാണ്. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. അടുത്ത ദിവസങ്ങളിൽ വേനൽ മഴ കിട്ടിയില്ലെങ്കിൽ ചൂട് പിന്നെയും കൂടും. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.