കൊടകര കള്ളപ്പണ കേസിലെ സുനില്‍നായിക് മുമ്പ് സുരേന്ദ്രനൊപ്പം 'ഹാന്‍സ് വീഡിയോ'യില്‍; വിവാദ നായകന്‍

Update: 2021-04-30 11:57 GMT
Editor : ijas
Advertising

കൊടകര കള്ളപ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് വിവാദത്തിലാകുന്നത് ഇത് രണ്ടാം തവണ. ശബരിമല സമരകാലത്ത് സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ച 'ഹാന്‍സ്' വീഡിയോയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സമീപത്തുണ്ടായിരുന്ന വ്യക്തി യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കാണെന്നാണ് 'മനോരമ ഓണ്‍ലൈന്‍ 'റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോയില്‍ ഹാന്‍സ് എന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രന് കൈമാറിയത് സുനില്‍ നായിക്കാണ്. 

പണം കൊടുത്തയച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ പണം കൈമാറിയിരുന്നത് സുനില്‍ നായിക്കാനായിരുന്നുവെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലി വ്യക്തമാക്കി. 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ധര്‍മരാജന്‍റെ പരാതി. കേസില്‍ സുനില്‍നായികിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. താനും ധര്‍മരാജനും തമ്മില്‍ ബിസിനസ് പങ്കാളികളാണെന്നും രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് സുനില്‍ നായിക്കിന്‍റെ വിശദീകരണം. അതെ സമയം സുനില്‍ നായിക്ക് ബി.ജെ.പി നേതാവും ആഭ്യന്ത്ര മന്ത്രിയുമായ അമിത് ഷാ, രാജ്‍നാഥ് സിങ്, സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എം.ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവരോടൊപ്പമുള്ള ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം സജീവമായി തന്നെ സുനില്‍ നായിക്കുണ്ടായിരുന്നു. കാസര്‍കോഡ് കെ സുരേന്ദ്രന്‍റെ അപരന്‍ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും പിന്‍മാറിയതിന് പിന്നിലും സുനില്‍നായിക്കാണെന്ന സംശയു ഉയരുന്നുണ്ട്. ഇവിടുത്തെ അപരസ്ഥാനാര്‍ഥി സുരേന്ദ്രയെ പിന്‍മാറിയതിന്‍റെ പിറ്റേന്ന് വീട്ടില്‍ സുനില്‍ നായിക്ക് സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ ഫോട്ടോ സുനില്‍ നായിക്ക് തന്നെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റായിരുന്ന കാലയളവില്‍ അതെ കമ്മിറ്റിയില്‍ സംസ്ഥാന ട്രഷററായും സുനില്‍ നായിക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. പിന്നീട് യുവമോര്‍ച്ച ദേശീയ സമിതിയില്‍ അംഗമായി. അങ്ങനെയാണ് ദേശീയ നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നത്. 

അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എട്ടു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്യാനാണ് പൊലീസിന്‍റെ നീക്കം. കേസിലെ മറ്റു പ്രതികളായ മുഹമ്മദാലി, സുജീഷ്, രഞ്ജിത്ത്, അബ്ദുല്‍ റഷീദ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ഏപ്രില്‍ മൂന്നിനായിരുന്നു പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാട്ടി കോഴിക്കോട്ടെ അബ്കാരിയായ ധര്‍മരാജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയത്. ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപ അപകടത്തില്‍പ്പെട്ട കാറിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതില്‍ തൃശ്ശൂര്‍ ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് ആരോപണവും ഉയര്‍ന്നു.

Tags:    

Editor - ijas

contributor

Similar News