'ശ്രദ്ധക്കുറവും പിഴവുമുണ്ടായി, നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു'; കുഴിമന്തി വിവാദത്തിൽ സുനിൽ പി. ഇളയിടം
കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കും ആദ്യം ചെയ്യുകയെന്നായിരുന്നു വി.കെ ശ്രീരാമൻ വ്യക്തമാക്കിയത്
തൃശൂർ: മലയാള ഭാഷയിൽനിന്ന് കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന വി.കെ ശ്രീരാമന്റെ ആവശ്യത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ഇടതു ചിന്തകൻ സുനിൽ പി. ഇളയിടം. വ്യക്തിപരമായി ഇഷ്ടം തോന്നാത്ത പേരാണ് കുഴിമന്തിയെന്നും എന്നാൽ പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങൾക്ക് അതു ന്യായമല്ലെന്നും സുനിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനെ അതേപടി പിന്തുണച്ചതിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല. സ്വന്തം അഭിപ്രായം പറയാൻ ശ്രീരാമൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് കരുതുന്നത്. ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ എന്റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കും ആദ്യം ചെയ്യുകയെന്നായിരുന്നു നടനും എഴുത്തുകാരനുമായ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്. മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടിയാകും അതെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിനു താഴെയാണ് സുനിൽ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും പിന്തുണ അറിയിച്ചത്. എന്നാൽ, ശ്രീരാമന്റെ കുറിപ്പിനെതിരെ സാംസ്‌കാരികലോകത്തും സോഷ്യൽ മീഡിയയിലും വൻവിമർശനം ഉയരുന്നുണ്ട്.
സുനിൽ പി. ഇളയിടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
കുഴിമന്തി എന്ന പേരിനെ മുൻനിർത്തി ശ്രീരാമേട്ടൻ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എന്റെ പ്രതികരണവും ചർച്ചയായ സന്ദർഭത്തിൽ അതേക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കണം എന്നു കരുതുന്നു. വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്.
'മൊളൂഷ്യം' എന്ന വിഭവത്തിന്റെ പേരും ഇതുപോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ-സാഹിത്യ പഠനത്തിൽ വരുന്ന ജഹദജഹൽ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്‌ക്കൊക്കെ കുറച്ചുകൂടി തെളിച്ചമുള്ള മലയാളപദങ്ങൾ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്.
എന്നാൽ, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല.
തന്റെ അഭിപ്രായം പറയാൻ ശ്രീരാമേട്ടൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാൻ കരുതുന്നത്.
എങ്കിലും, ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ എന്റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നുവെന്ന തോന്നലുളവാക്കാൻ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള എന്റെ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.
Summary: 'There was a carelessness and error in supporting him, and regrets unconditionally'; Sunil P Ilayidom in Kuzhi Manthi controversy