സ്റ്റാൻ സ്വാമിയുടേത് ഭരണ സംവിധാനവും കോടതിയും ആസൂത്രിതമായി ചെയ്ത കൊലപാതകം : സണ്ണി എം കപ്പിക്കാട്
സ്റ്റാൻ സ്വാമിയുടേത് മരണമല്ലെന്നും യഥാർത്ഥത്തിൽ അത് നമ്മുടെ ഭരണ സംവിധാനവും കോടതിയും ആസൂത്രിതമായി ചെയ്ത കൊലപാതകമാണെന്നും പ്രമുഖ ആക്ടിവിസ്റ് സണ്ണി എം കപ്പിക്കാട്. " നമ്മുടെ സമൂഹവും രാഷ്ട്രവും എത്രമേൽ ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റുമാണ് എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരകളിലൊന്നായിട്ടു വേണം ഫാദർ സ്റ്റാൻ സ്വാമിയെ നമ്മൾ കാണുവാൻ. " - അദ്ദേഹം പറഞ്ഞു
" ജീവിതം മുഴുവൻ മറ്റുള്ള മനുഷ്യർക്ക് വേണ്ടി സേവനം ചെയ്യുവാൻ മാറ്റിവെച്ച മനുഷ്യൻ, പ്രത്യേകിച്ച് ആദിവാസി സമൂഹത്തിനിടയിൽ ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ ഇത്ര ഭീകരമായ ഒരു കുറ്റകൃത്യം ചെയ്തുവെന്ന് പറഞ്ഞ് കുറ്റാരോപിതനാക്കി ജയിലിലടക്കുക, അദ്ദേഹത്തിന്റെ എല്ലാ മനുഷ്യാവകാശങ്ങളും റദ്ദ് ചെയ്യുക, അദ്ദേഹം കുറ്റാരോപിതനായാൽ പോലും അദ്ദേഹത്തിന് പ്രാഥമിക മനുഷ്യാവകാശങ്ങൾ നിഷേധിക്കുവാൻ സർക്കാരുകൾക്കും കോടതിക്കും എന്തധികാരമാണുള്ളത്? ഇവിടെ ഒരു ഭരണഘടനയില്ലേ? " സണ്ണി എം കപ്പിക്കാട് ചോദിച്ചു.
സ്റ്റാൻ സ്വാമിക്കെതിരെഉയർത്തിയ ആരോപണങ്ങൾ എവിടെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകത്തിൽ ഇന്ത്യാ മഹാരാജ്യം ഒരു ചരിത്ര ഘട്ടത്തിൽ മറുപടി പറയേണ്ടി വരും. ഒരു ഇന്ത്യാക്കാരനെന്ന താൻ ഏറ്റവും ലജ്ജിക്കുന്ന ഒരു ദിവസമാണിന്നെന്നും അദ്ദേഹം പറഞ്ഞു.