പൊതുവിപണിയേക്കാൾ വിലക്കുറവ്; ഭക്ഷ്യവകുപ്പിന്റെ ഓണം ഫെയർ മേളകളിൽ വൻ ജനപങ്കാളിത്തം

ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഭക്ഷ്യവകുപ്പിന്റെ ഓണം ഫെയര്‍ മേളയിലുണ്ട്

Update: 2023-08-21 01:56 GMT
Advertising

തിരുവനന്തപുരം: പൊതുവിപണിയേക്കാള്‍ വലിയ വിലക്കുറവിലാണ് ഭക്ഷ്യവകുപ്പിന്‍റെ ഓണം ഫെയര്‍ മേളകളില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. രണ്ട് ദിവസം മുമ്പ് തുടങ്ങിയ ഫെയറില്‍ എല്ലാ ജില്ലകളിലും ജനങ്ങളുടെ വലിയ പങ്കാളിത്തമുണ്ട്. പലയിടത്തും മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് ആളുകള്‍ സാധനം വാങ്ങി മടങ്ങുന്നത്. 10 ലക്ഷത്തിനടുത്ത് രൂപയുടെ വിറ്റുവരവ് ഫെയറിലൂടെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് അനൌദ്യോഗിക വിവരം.

ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഭക്ഷ്യവകുപ്പിന്റെ ഓണം ഫെയര്‍ മേളയിലുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പുറമേ കോംബോ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. രണ്ട് ലിറ്റര്‍ ശബരി വെളിച്ചണ്ണ വാങ്ങിയാല്‍ ഒരു ലിറ്റര്‍ സൌജന്യം. രണ്ട് കിലോ ആട്ട വാങ്ങിയാല്‍ ഒരു കിലോ സൌജന്യം. ഇതിനൊപ്പം ഹോര്‍ലിക്സും തേയിലയും ഓട്സും എല്ലാം കുറഞ്ഞ വിലയില്‍ ഫെയറില്‍ നിന്ന് സ്വന്തമാക്കാം. ഇതിന് പുറമേ 13 ഇന അവശ്യസാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവിലാണ് സപ്ലൈകോയിലെയും ഫെയറിലെയും വില്‍പ്പന.

അരലിറ്റര്‍ വെളിച്ചണ്ണ പൊതുവിപണിയില്‍ നിന്ന് വാങ്ങാന്‍ 80 രൂപ കൊടുക്കണം. ഓണം ഫെയറില്‍ 46 രൂപയ്ക്ക് വാങ്ങാം. പഞ്ചസാരക്ക് 43 രൂപ നല്‍കേണ്ട സ്ഥാനത്ത് 22 രൂപ മതി സപ്ലൈകോയില്‍. അരക്കിലോ മുളകിന് 130 രൂപ പൊതുവിപണിയില്‍ ഈടാക്കുമ്പോള്‍ സപ്ലൈകോയില്‍ 37.50 രൂപ മാത്രമാണ് വില. ജില്ലാ ഫെയറുകളില്‍ സാധനങ്ങള്‍ തീരുന്നതിനുസരിച്ച് എത്തിക്കുന്നതിനുള്ള സൌകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഇരുപത്തിയെട്ടാം തിയ്യതി വരെ പ്രവര്‍ത്തിക്കുന്ന ഓണം ഫെയര്‍ രണ്ട് ദിവസം പിന്നിടുമ്പോള്‍ 10 ലക്ഷത്തിനടുത്ത് രൂപയുടെ വില്‍പ്പന നടന്നിട്ടുണ്ട്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News