ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ മാതാവ്: പ്രകീർത്തിച്ച് സുരേഷ് ഗോപി
"ലീഡർ കെ കരുണാകരനോട് ആരാധന"
തൃശൂർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാ ഗാന്ധിയെ പ്രകീർത്തിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവാണ് എന്നും ഭരണാധികാരി എന്ന നിലയിൽ ലീഡർ കെ കരുണാകരനോട് ആരാധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
'ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവ് എന്ന നിലയിൽ കാണുന്ന പോലെ, ലീഡർ കരുണാകരനെ ധീരനായ ഭരണകർത്താവ് എന്ന നിലയ്ക്കും ആരാധനയുണ്ട്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോടും ഒരിഷ്ടമുണ്ടാകും.' - എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കരുണാകരന് ഒപ്പം ഇ.കെ നായനാരും തന്റെ രാഷ്ട്രീയഗുരുക്കന്മാരിൽ പ്രഥമഗണനീയരാണ് എന്നും അദ്ദേഹം പറഞ്ഞു.
സഹമന്ത്രിയായ ശേഷം തൃശൂരിൽ തിരിച്ചെത്തിയ സുരേഷ് ഗോപി മുരളീമന്ദിരത്തിലും ലൂർദ് പള്ളിയിലുമെത്തി. മുരളീമന്ദിരത്തിൽ കെ. കരുണാകരന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. ലൂർദ് പള്ളിയിലെത്തി മാതാവിനെ സ്വർണക്കൊന്ത അണിയിച്ചു. മുരളീമന്ദിരത്തിൽ പത്മജ വേണുഗോപാലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.