ആ ചൊറിയൻ മാക്രിപ്പറ്റങ്ങളോട് എന്താ പറയുക?- വിഷുക്കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി
''യു.പി ബോർഡറിൽ കഞ്ഞിവയ്ക്കാൻ പൈനാപ്പിളുമായി കൊണ്ടുപോയ ചിലരുണ്ട്. ഇവനൊക്കെ കർഷകരോട് എന്ത്് ഉത്തരം പറയും? നരേന്ദ്ര മോദിയും സംഘവും കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ബി.ജെ.പിക്കാരനാണ് ഞാൻ. ആ കാർഷിക നിയമങ്ങൾ തിരിച്ചുവരും. യഥാർത്ഥ തന്തയ്ക്ക് പിറന്ന കർഷകർ ആവശ്യപ്പെടും.''
തിരുവനന്തപുരം: വിഷുക്കൈനീട്ടം നൽകിയ സംഭവം വിവാദമാക്കിയതിൽ രൂക്ഷവിമർശവുമായി നടൻ സുരേഷ് ഗോപി എം.പി. കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകുന്നതിലെ നന്മ മനസിലാക്കാനാകാത്ത മാക്രിക്കൂട്ടങ്ങളാണ് വിവാദങ്ങൾക്കു പിന്നിലുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യസഭാ അംഗത്വ കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കുരുന്നുകളുടെ കൈയിൽ ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വർഷത്തിനുശേഷം വോട്ട് മേടിക്കാനുള്ള കപ്പമല്ല. വിഷു ഹിന്ദുവിന്റെയല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ വലിയൊരു ആചാരമാണ്. ആ ആചാരം മാത്രമാണ് ഞാൻ നിർവഹിച്ചത്-സുരേഷ് ഗോപി വിശദീകരിച്ചു.
''എന്താണ് ഒരു രൂപ ആ കൈയിലേക്ക് വച്ചുകൊടുക്കുമ്പോഴുള്ള പ്രാർത്ഥന? രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഒരു ശിശു. ഒരു കുഞ്ഞുപോലും പാഴായിപ്പോകാൻ പാടില്ല. ഒരു കുഞ്ഞുപോലും കച്ചവടവൽക്കരണത്തിന്റെ ഭാഗമായി മദ്യത്തിന്റെയോ ലഹരിയുടെയോ പിന്നിൽ പോയി രാജ്യത്തിന്റെ ഉൽപാദനശേഷിയെ ശോഷിക്കുന്ന തരത്തിൽ ഭാഗമാകാൻ പാടില്ല. ഐശ്വര്യപൂർണമായ തുടക്കമെന്നു പറഞ്ഞ് കാതിൽ വെറ്റില വച്ചുമൂടിയൊരു പേര് വിളിക്കുന്ന ചടങ്ങുണ്ട്. അത് മാമോദീസയായും മറ്റും എല്ലാ മതങ്ങളിലുമുണ്ട്. എല്ലാം ആ കുഞ്ഞിന്റെ സദ്ഭാവിക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ് ഈ മുഹൂർത്തങ്ങളിലെല്ലാം നടക്കുന്നത്.''
ആ ഒരു രൂപാ നോട്ടെടുത്ത് മഹാലക്ഷ്മീ ദേവിയെ പ്രാർത്ഥിച്ച്, ഈ കുഞ്ഞ് പ്രാപ്തി നേടി നിർവഹണത്തിന് ഇറങ്ങുമ്പോൾ കൈയിലേക്ക് ഒരു വർഷം ഒരു കോടി വന്നുചേരുന്ന അനുഗ്രഹവർഷമാകണേ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് കൈവെള്ളയിൽ എടുത്തുവച്ചുകൊടുക്കുന്നത്. ഒരു രൂപാ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണുള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടേയോ ചിത്രമല്ല ഉള്ളത്. ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് എന്താണ് പറയുക? ചൊറിയൻ മാക്രിപ്പറ്റങ്ങളാണിത്. ഹീനമായ ചിന്തയുണ്ടെങ്കിൽ മാത്രമേ ഇതു ചെയ്യാൻ സാധിക്കൂ-അദ്ദേഹം കുറ്റപ്പെടുത്തി.
കാർഷിക നിയമം പിൻവലിച്ചതിൽ വലിയ അമർഷമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. യു.പി ബോർഡറിൽ കഞ്ഞിവയ്ക്കാൻ പൈനാപ്പിളുമായി കൊണ്ടുപോയ ചിലരുണ്ട്. ഇവനൊക്കെ കർഷകരോട് എന്ത്് ഉത്തരം പറയും? എന്ന് ഉത്തരം പറയും? ആരാണ് കർഷകന്റെ സംരക്ഷകൻ? നരേന്ദ്ര മോദിയും സംഘവും കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ബി.ജെ.പിക്കാരനാണ് ഞാൻ. ആ കാർഷിക നിയമങ്ങൾ തിരിച്ചുവരും. യഥാർത്ഥ തന്തയ്ക്ക് പിറന്ന കർഷകർ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീക്കം പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്നവർക്ക് നൽകാനായി മേൽശാന്തിമാർക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകുകയും ചെയ്തിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിക്ക് 1,000 രൂപയ്ക്കുള്ള ഒരു രൂപാനോട്ടുകളാണ് നൽകിയത്. സംഭവം വിവാദമായതോടെ തുക സ്വീകരിക്കുന്നത് കൊച്ചിൻ ദേവസ്വം ബോർഡ് വിലക്കിയിരുന്നു. വിഷുക്കൈനീട്ടത്തെ രാഷ്ട്രീയതാൽപര്യത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്നായിരുന്നു വിമർശം. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കാറിലിരിക്കുന്ന സുരേഷ് ഗോപിയിൽനിന്ന് കൈനീട്ടം വാങ്ങിയ ശേഷം സ്ത്രീകൾ അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കുന്ന വിഡിയോ പുറത്തുവന്നതോടെ ഇതിലും സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശമുയർന്നു.
Summary: Actor Suresh Gopi's reaction to Vishukkaineettam controversy