മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും
നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാവുക
കോഴിക്കോട്: മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ഷിദ ജഗതിനോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാവുക . മാധ്യമ പ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയതിന് ഐപിസി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.
ഇന്ന് ചോദ്യം ചെയ്യലിന്ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ ഇന്ന് തന്നെ ജാമ്യവും നൽകിയേക്കും. ഇന്ന് രാവിലെ 10 മണിയോട് കൂടി സുരേഷ് ഗോപി സ്റ്റേഷനിൽ എത്തുമെന്നാണ് പൊലീസ് കരുതുന്നത്. ഒക്ടോബർ 27-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.
ഇതിനു പിന്നാലെ താരം മാപ്പ് ചോദിച്ച് രംഗത്തെത്തുകയും ചെയ്തു. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും മോശമായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ താരത്തിനെതിരെ കേസെടുത്തിരുന്നു. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.